ഡല്‍ഹി: യുഡിഎഫിലെ പ്രമുഖ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് മാണി വിഭാഗം എന്‍ഡിഎ സഖ്യത്തിലേക്ക് ചേക്കേറുന്നതുമായി ബന്ധപ്പെട്ട അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. 23ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തുമ്പോള്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. സീറ്റ് സംബന്ധിച്ചും, കേന്ദ്രസര്‍ക്കാരില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്കുന്ന പരിഗണന സംബന്ധിച്ചും ധാരണയായിട്ടുണ്ട്. യുഡിഎഫില്‍ സീറ്റ് സംബന്ധിച്ച് മാണി വിഭാഗം നടത്തുന്ന കടുംപിടുത്തം സീറ്റ് നിര്‍ണയ ചര്‍ച്ച വൈകിപ്പിച്ച് എന്‍ഡിഎ സഖ്യസാധ്യത ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് എന്നാണ് സൂചനകള്‍
നേരത്തെ ജോസ് കെ മാണി എംപി അമിത് ഷായുമായി ഒരു തവണ നേരിട്ടും. കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി നേതാവ് ജെപി നന്ദയുമായും നാല് വട്ടവും ചര്‍ച്ച നടത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് ജയസാധ്യതയുള്ള 35 സീറ്റുകള്‍ വേണമെന്ന ഡിമാന്റ് കേരള കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരുന്നു. ഇത് നല്‍കാമെന്ന് ബിജെപി നേതൃത്വം ഉറപ്പ് നല്‍കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കാവുന്ന പരിഗണനകള്‍ സംബന്ധിച്ചും ഏകദേശ ധാരണയായി. ഇതിനിടയില്‍ ബിജെപിയുമായി സഖ്യത്തിലാവാനുള്ള നീക്കങ്ങളില്‍ പ്രതിഷേധിച്ച് ഫ്രാന്‍സിസ് ജോര്‍ജ്ജ് ഉള്‍പ്പടെയുള്ള നേതാക്കള്‍ പാര്‍ട്ടി വിട്ടത് മാണി ഗ്രൂപ്പിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഈയൊരു ഘട്ടത്തില്‍ ബിജെപി നേതൃത്വവുമായുള്ള സഖ്യചര്‍ച്ചകള്‍ക്ക് ഇടവേള വന്നു. എന്നാല്‍ അത്തരം ചര്‍ച്ചകള്‍ ഇപ്പോള്‍ വീണ്ടും സജീവമാണ്.
കേരള കോണ്‍ഗ്രസ് എമ്മിന്റെ ജയസാധ്യതയെ ഒരു ഘട്ടത്തിലും പിളര്‍പ്പ് ബാധിക്കില്ലെന്ന ബോധ്യമാണ് എന്‍ഡിഎ നേതൃത്വത്തിനുള്ളത്. കേരളത്തില്‍ മാണി വിഭാഗത്തിന് നല്കാവുന്ന 35 സീറ്റുകള്‍ ഒഴിവാക്കിയാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. അവസാന നിമിഷം അത്തരത്തിലുള്ളൊരു ‘അക്കമഡേഷന്‍’ സാധ്യത ബിഡിജെഎസ് നേതൃത്വത്തെയും ബിജെപി അറിയിച്ചിട്ടുണ്ട്. അവരും ഇത്തരം നീക്കങ്ങളെ സ്വാഗതം ചെയ്യുന്നുണ്ട്. ബിഡിജെഎസുമായുള്ള സീറ്റ് തര്‍ക്കമാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിടാന്‍ തടസ്സമെന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ അത്തരത്തില്‍ കാര്യമായ ഒരു തര്‍ക്കവും ബിജെപിയും-ബിജെഡിഎസും തമ്മിലില്ലെന്ന് ലഭിക്കുന്ന വിവരം. ബിജെപിയ്ക്ക് ജയസാധ്യതയുള്ള സീറ്റുകളൊന്നും ബിഡിജെഎസ് ആവശ്യപ്പെട്ടിട്ടില്ല. കോവളം ഉള്‍പ്പടെയുള്ള സീറ്റുകള്‍ ആവശ്യപ്പെട്ടാല്‍ വിട്ടു നല്കാന് ബിജെപി തയ്യാറുമാണ്. ഈ ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് മാണിയുമായുള്ള ചര്‍ച്ച ഫലപ്രാപ്തിയിലെത്താനുള്ള സാധ്യത കൂടി പരിഗണിച്ചാണെന്നാണ് സൂചന.
അതേസമയം അത്തരമൊരു ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ബിജെപി സംസ്ഥാന നേതാക്കളും ഇക്കാര്യം തുറന്ന് സമ്മതിക്കാന്‍ തയ്യാറല്ല. അതേസമയം ജോസ് കെ മാണി ഇടപെട്ട് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയ കാര്യം കേരള കോണ്‍ഗ്രസ് വിട്ട നേതാക്കള്‍ സമ്മതിക്കുന്നുണ്ട്.
കേരള കോണ്‍ഗ്രസില്‍ നിന്ന് മാത്രമല്ല കോണ്‍ഗ്രസില്‍ നിന്നും ചില പ്രമുഖ നേതാക്കളും ബിജെപി സഖ്യത്തിനൊടൊപ്പം നില്ക്കാന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് തന്നെ ഈ വിഷയത്തില്‍ ബിജെപിയുമായി അടുത്ത ബന്ധമുള്ള ചില കേന്ദ്രങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. ജയസാധ്യതയുള്ളമണ്ഡലം ഉള്‍പ്പടെയുള്ള അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്ന കാര്യവും ബിജെപി ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ച പ്രമുഖ നേതാവ് എന്‍ഡിഎ സഖ്യത്തോട് താല്പര്യം പ്രകടിപ്പിച്ചത് ബിജെപി കേന്ദ്ര നേതൃത്വം വലിയ ഗൗരവത്തോടെയാണ് കാണുന്നത്. അരുണാചല്‍, ഉത്തരാഖണ്ഡ്് മോഡല്‍ നീക്കങ്ങള്‍ കേരളത്തിലും ഫലപ്രദമാകുമെന്ന സന്ദേശമായാണ് നേതൃത്വം ഇത്തരം സൂചനകളെ കാണുന്നത്.
Discussion about this post