ടെഹ്റാൻ : ഇന്ത്യൻ പതാകയേന്തിയ രണ്ട് എൽപിജി കാരിയറുകൾ കൂടി സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടന്നു. ഭാരതീയ പതാക വഹിക്കുന്ന ‘ബിഡബ്ല്യു ടൈർ’ (BW Tyr), ‘ബിഡബ്ല്യു എൽമ്’ (BW Elm) എന്നീ രണ്ട് കൂറ്റൻ എൽപിജി കപ്പലുകൾ കടലിടുക്ക് കടന്ന് ഒമാൻ ഉൾക്കടലിൽ പ്രവേശിച്ചു. ഇന്ത്യൻ നാവികസേന ഈ കപ്പലുകൾക്ക് സുരക്ഷാ അകമ്പടി ഒരുക്കുന്നുണ്ട്. സുരക്ഷാകാരണങ്ങൾ മൂലം ഈ കപ്പലുകൾ ഏത് തുറമുഖത്ത് ആയിരിക്കും എത്തിച്ചേരുക എന്നുള്ള കാര്യം ഇന്ത്യ പുറത്ത് വിട്ടിട്ടില്ല.
ഇവ രണ്ടും ‘വെരി ലാർജ് ഗ്യാസ് കരിയർ’ (VLGC) വിഭാഗത്തിൽപ്പെട്ട കപ്പലുകളാണ്. ഏകദേശം 90,000 ടണ്ണിലധികം പാചകവാതകം വഹിക്കാൻ ഇവയ്ക്ക് കഴിയും. ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പലുകൾ ഈ എൽപിജി കപ്പലുകൾക്ക് അകമ്പടിയൊരുക്കുന്നു. ഇന്ത്യൻ ഫ്ലാഗ് വഹിക്കുന്ന കപ്പലുകൾക്ക് ഇറാൻ സൈന്യം തടസ്സങ്ങൾ സൃഷ്ടിക്കുന്നില്ലെങ്കിലും, മേഖലയിലെ മറ്റ് വിദേശ ശക്തികളുടെ ആക്രമണസാധ്യതയും ജി.പി.എസ് തടസ്സങ്ങളും വലിയ വെല്ലുവിളിയാണ്. ഇത് മറികടക്കാൻ ഇന്ത്യൻ നാവികസേന കപ്പലുകൾക്ക് പ്രത്യേക മാപ്പിംഗും ആശയവിനിമയ പിന്തുണയും നൽകുന്നുണ്ട്. വൈകാതെ തന്നെ ഇന്ത്യയുടെ ആറ് കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.








