ന്യൂഡൽഹി : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്ന് ഇന്ത്യൻ എൽപിജി ടാങ്കർ ജഗ് വിക്രം. യുഎസ് – ഇറാൻ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ഈ മേഖലയിലൂടെ കടന്നുപോകുന്ന ആദ്യ ഇന്ത്യൻ കപ്പലാണിത്. കപ്പൽ ഏപ്രിൽ 15-ന് മുംബൈ തീരത്ത് എത്തുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.
20,400 മെട്രിക് ടൺ എൽപിജി ആണ് കപ്പലിൽ ഉള്ളത്. മുംബൈ ആസ്ഥാനമായുള്ള ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിലുള്ള 24 നാവികരും ഒരുമാസത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് എത്തുകയാണ്. നിലവിൽ കപ്പൽ ഒമാൻ ഉൾക്കടലിലൂടെ മുംബൈ ലക്ഷ്യമാക്കി നീങ്ങുകയാണ്. പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിൽ പേർഷ്യൻ ഗൾഫിൽ നിന്ന് പുറത്തുകടക്കുന്ന ഒൻപതാമത്തെ ഇന്ത്യൻ കപ്പലാണിത്. നിലവിൽ 15-ഓളം ഇന്ത്യൻ പതാക വഹിച്ച കപ്പലുകൾ ഇനിയും ഈ മേഖലയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.








