തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിലുള്ള ‘ലെമൺ ഗ്രീൻ’ റസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തിൽ 21 പേർ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ 8:50-ഓടെയാണ് അപകടം നടന്നത്. മരിച്ചവരിൽ മധ്യേഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള വിദേശ പൗരന്മാരും ഉൾപ്പെടുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവസ്ഥലത്തുനിന്ന് 37-ലധികം പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും 21 പേരെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഡൽഹി ഫയർ സർവീസിന്റെ നേതൃത്വത്തിൽ വലിയൊരു സംഘം അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിരുന്നു. തീപ്പിടർന്നത് 5 നില കെട്ടിടത്തിനാണ്. അപകടം ഉണ്ടായത് ചട്ടവിരുദ്ധമായി പണിത കെട്ടിടത്തിനാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
അപകടം നടന്ന ഉടൻ തന്നെ, സൗത്ത് ഡിസ്ട്രിക്റ്റ് ഡി.ഡി.എം.എ സെൽ സജീവമാക്കുകയും എമർജൻസി ഓപ്പറേഷൻ സെന്ററുകൾക്ക് അടിയന്തര നിർദ്ദേശം നൽകുകയും ചെയ്തു.









