ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ ദേശഭക്തിഗാനമായ വന്ദേമാതരം ആലാപനം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്കും പാർട്ടി നേതൃത്വത്തിനും നേരെ കടുത്ത ആക്രമണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസിന്റേത് ലജ്ജാകരമായ പ്രവൃത്തിയാണെന്നും, സോണിയ ഗാന്ധി ചെയ്ത ഈ “പാപം” രാജ്യത്തെ 140 കോടി ജനങ്ങൾ ഒരിക്കലും പൊറുക്കില്ലെന്നും അമിത് ഷാ തുറന്നടിച്ചു. രാജസ്ഥാനിലെ ചിത്തോർഗഢിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘അടൽ ഗൗരവ് സ്മൃതി സമാരോഹ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം മുഴങ്ങുമ്പോൾ, അത് പാടുന്നത് നിർത്തിവെക്കാൻ സോണിയ ഗാന്ധി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് ആവശ്യപ്പെടുന്നത് രാജ്യം മുഴുവൻ ടെലിവിഷനിലൂടെ കണ്ടതാണെന്ന് അമിത് ഷാ ആരോപിച്ചു. വന്ദേമാതരം അപൂർണ്ണമായി നിർത്തിവെക്കാൻ എങ്ങനെയാണ് ഒരാൾക്ക് ചിന്തിക്കാൻ പോലും സാധിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം, കോൺഗ്രസ് നേതാക്കൾക്ക് അല്പമെങ്കിലും നാണക്കേട് ബാക്കിയുണ്ടെങ്കിൽ കൈകൂപ്പി രാജ്യത്തോടും വന്ദേമാതരത്തിന്റെ രചയിതാവായ ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ അമരസ്മരണയോടും പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണ് കോൺഗ്രസ് വന്ദേമാതരത്തെ മറന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഡൽഹി ഇന്ദിരാ ഭവനിലെ സ്വാതന്ത്ര്യദിന ചടങ്ങിൽ വന്ദേമാതരത്തിന്റെ ആലാപനം നടക്കുമ്പോൾ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും തമ്മിൽ സംസാരിക്കുകയും ആലാപനം അവസാനിപ്പിക്കാൻ ആംഗ്യം കാണിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ബി.ജെ.പി പുറത്തുവിട്ടതോടെയാണ് വിവാദം ഉടലെടുത്തത്. ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയും വിഷയത്തിൽ കോൺഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ ബി.ജെ.പിയുടെ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ കോൺഗ്രസ്, ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി തന്നെയാണ് ആലപിച്ചതെന്നും, ഏറെ നേരം എഴുന്നേറ്റു നിന്ന ഖാർഗെയ്ക്ക് ഇരിക്കാൻ കസേര ക്രമീകരിച്ചു നൽകാൻ ആവശ്യപ്പെടുക മാത്രമാണ് സോണിയ ഗാന്ധി ചെയ്തതെന്നും വ്യക്തമാക്കി.









