ന്യൂഡൽഹി : ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ പ്രതീക്ഷിച്ചതിലും വലിയ വർദ്ധനവ്. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദമായ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ജിഡിപി 7.8% വളർച്ച കൈവരിച്ചു. കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയമാണ് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്ന ഈ ആവേശകരമായ കണക്കുകൾ പുറത്തുവിട്ടത്. സാമ്പത്തിക വിദഗ്ധരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും പ്രവചിച്ച വളർച്ചാ നിരക്കിനേക്കാൾ മികച്ച പ്രകടനമാണ് രാജ്യം കാഴ്ചവെച്ചത്. ആർബിഐ ഈ പാദത്തിൽ ഏഴ് ശതമാനം വളർച്ച മാത്രമാണ് പ്രതീക്ഷിച്ചിരുന്നത്.
ലോകരാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്കും ആഗോള വെല്ലുവിളികൾക്കും ഇടയിലാണ് ഇന്ത്യയുടെ ഈ നിർണ്ണായക നേട്ടം. ചൈന ഉൾപ്പെടെയുള്ള പ്രമുഖ വ്യവസായ ശക്തികളെക്കാൾ ഉയർന്ന വളർച്ച കൈവരിക്കാൻ ഇന്ത്യക്ക് സാധിച്ചു. നിർമ്മാണ മേഖലയിലും സേവന മേഖലയിലും ഉണ്ടായ മികച്ച മുന്നേറ്റമാണ് ഈ സാമ്പത്തിക കുതിപ്പിന് പ്രധാന കാരണമായത്. കൂടാതെ കാർഷിക മേഖലയും നിർമ്മാണ പ്രവർത്തനങ്ങളും സാമ്പത്തിക വളർച്ചയ്ക്ക് വലിയ പിന്തുണ നൽകി.
ജനങ്ങളുടെ ഉയർന്ന ഉപഭോഗവും അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ നടത്തുന്ന വൻ നിക്ഷേപങ്ങളുമാണ് സാമ്പത്തിക രംഗത്തെ ഊർജ്ജസ്വലമാക്കിയത്. ബാങ്കിംഗ് മേഖലയിൽ വായ്പ വിതരണം വർദ്ധിച്ചതും വിപണിയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതും രാജ്യത്തിന്റെ വളർച്ചയ്ക്ക് സഹായകമായി. വരും പാദങ്ങളിലും ഇന്ത്യ ഈ മികച്ച സാമ്പത്തിക വളർച്ചാ നിരക്ക് തുടരുമെന്നാണ് കേന്ദ്ര സർക്കാരും സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിക്കുന്നത്.








