തിരുവനന്തപുരം: ബംഗാളില്‍ കോണ്‍ഗ്രസുമായി സി.പി.എം രാഷ്ട്രീയ സഖ്യത്തിന് തയാറല്ലെന്നും എന്നാല്‍ ആക്രമണത്തിനെതിരെ ജനാധിപത്യസംരക്ഷണത്തിന്റെ പ്രശ്നം വരുമ്പോള്‍ അതിനനുസരിച്ച് നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ശാരീരികമായി ആക്രമിച്ച് സി.പി.എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരും കിട്ടുന്നതെന്തും ഉപയോഗിച്ച് സി.പി.എമ്മിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവരും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും പിണറായി ചോദിച്ചു. ഇ.എം.എസ് പാര്‍ക്കില്‍ നടന്ന ബംഗാള്‍ ഐക്യദാര്‍ഢ്യസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
തൃണമൂല്‍ കോണ്‍ഗ്രസ് കടന്നാക്രമണങ്ങളില്‍ ഇരയാകുന്ന സി.പി.എമ്മിനെ മറ്റൊരു രീതിയില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷ നിലപാട് തിരിച്ചറിയണം. ജനാധിപത്യ ധ്വംസനത്തെ എതിര്‍ക്കല്‍ ജനാധിപത്യസംരക്ഷണത്തിന്റെ ഭാഗമാണ്. തൃണമൂല്‍ കോണ്‍ഗ്രസുകാരല്ലാത്തവരെല്ലാം ബംഗാളില്‍ ആക്രമിക്കപ്പെടുകയാണ്. ജനാധിപത്യത്തിന്റെ ജിഹ്വകളെന്ന് അവകാശപ്പെടുന്നവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ആക്രമണങ്ങളെ തുറന്നുകാട്ടാന്‍ സാധിക്കുംവിധമാണോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. സി.പി.എമ്മിനെ കായികമായി അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുകയാണ്. സി.പി.എമ്മിന് നേരെയുള്ള കൈയേറ്റങ്ങള്‍ പരിധിവിട്ട് പൊതുജനാധിപത്യസംവിധാനത്തിന് നേരെ തിരിഞ്ഞിരിക്കുകയാണെന്നും പിണറായി വിജയന് പറഞ്ഞു.
Discussion about this post