ശ്രീനഗര്‍: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി ഒരു മണിക്കൂറിന് ശേഷം സി.ആര്.പി.എഫ് കമാന്റന്റിന് വീരമൃത്യു. ജമ്മുവില്‍ സി.ആര്.പി.എഫ് കമാന്റന്റായ പ്രമോദ് കുമാറാണ് വീരമൃത്യ വരിച്ചത്. ശ്രീനഗറിലെ നൗഹാട്ടയില്‍ തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിലാണ് പ്രമോദ് കുമാറിന്റെ ജീവന് പൊലിഞ്ഞത്.
കരണ്‍ നഗറില്‍ സി.ആര്.പി.എഫിന്റെ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫീസില്ഇന്നലെ രാവിലെ എട്ടരയോടെയാണ് പ്രമോദ് കുമാര്‍ പതാക ഉയര്‍ത്തിയത്. രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാന്‍ പ്രവര്‍ത്തിക്കണമെന്നാണ് അദ്ദേഹം തന്റെ കീഴ്ജീവനക്കാരോട് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞത്. സി.ആര്.പി.എഫ് ജവാന്മാര്ക്കുള്ള ഡയറക്ടര്‍ ജനറലിന്റെ സന്ദേശവും അദ്ദേഹം ചടങ്ങില്‍ വായിച്ചു.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ സമാപിച്ചപ്പോഴാണ് നൗഹാട്ടയില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായി വിവരം ലഭിച്ചത്. ഉടന്‍ തന്നെ പ്രമോദ് കുമാര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സംഘത്തെ മുന്നില്‍ നിന്ന് നയിക്കുമ്പോഴാണ് പ്രമോദ് കുമാര്‍ വെടിയേറ്റ് വീണതെന്ന് സി.ആര്.പി.എഫ് വക്താവ് ഭവേഷ് ചൗധരി പറഞ്ഞു.
1998 ലായിരുന്നു പ്രമോദ് കുമാര്‍ സി ആര് പി എഫില്‍ എത്തിയത് . പതിനെട്ട് വര്‍ഷത്തെ സര്‍വീസിനിടയില്‍ രാജ്യത്തെ ഏറ്റവും കഠിനമായ മേഖലകളില്‍ അദ്ദേഹം സേവനം ചെയ്തു .ഇതില്‍ രണ്ട് വര്‍ഷം പ്രത്യേക സുരക്ഷ സേനയിലും ജോലി ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തു. 2014 ലും 2015 ലും ഏറ്റവും മികച്ച ഓപ്പറേഷന് വിദഗ്ദ്ധനുള്ള അവാര്‍ഡ് ലഭിച്ച പ്രമോദ് കുമാര്‍ കഴിഞ്ഞ ജൂലായിലാണ് കമാന്ഡന്റായത്.
Discussion about this post