കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസിലെ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന് ബെഞ്ച് റദ്ദാക്കി. നടപടി വേണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെകെ ജോഷ്വ, എസ്. വിജയന് എന്നിവരാണു ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യുന്നുവെന്നാണു വിധി പ്രസ്താവം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്നു സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണനാണു ഹൈക്കോടതിയെ സമീപിച്ചത്.
ഔദ്യോഗിക ജോലിയുടെ ഭാഗമായാണു തങ്ങള്‍ കേസ് അന്വേഷിച്ചതെന്നും പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ കോടതിയില്‍ വാദിച്ചു. 20 ദിവസം മാത്രമാണു കേസ് അന്വേഷിച്ചത്. അതുകൊണ്ടുതന്നെ കേസിന്റെ കൂടുതല്‍ ആഴങ്ങളിലേക്കു പോകാന്‍ കഴിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വാദിച്ചു.
അതേസമയം ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് നമ്പി നാരായണന് പറഞ്ഞു. വിധി അപ്രതീക്ഷിതമാണ്. ഉദ്യോഗസ്ഥര്‍ക്ക് തക്ക ശിക്ഷ വാങ്ങി നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post