തിരുവനന്തപുരം: ദേവസ്വം ബോര്‍ഡില്‍ അംഗമാകുന്നതിന് മദ്യവില്‍പ്പന നടത്തുന്നവര്‍ക്കും മദ്യം ഉത്പാദിപ്പിക്കുന്നവര്ക്കുമുള്ള അയോഗ്യത നീക്കാന്‍ നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന ദേവസ്വം ബോര്‍ഡ് റിക്രൂട്ട്മെന്റ് നിയമമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നത്. ഈ ബില്‍ 26 ആം തിയ്യതിയിലെ നിയമസഭാ സമ്മേളനത്തില്‍ പരിഗണിക്കും. നിലവിലെ നിയമത്തിലെ നാലാം വകുപ്പിലെ ഏഴാം ഖണ്ഡികയിലാണ് ഈ അയോഗ്യതയെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ഈ ഖണ്ഡിക മുഴുവനായി ഒഴിവാക്കുന്ന തരത്തിലാണ് പുതിയ ഭേദഗതി. ബോര്‍ഡിലെ അംഗങ്ങളുടെ എണ്ണം ആറില്‍ നിന്ന് മൂന്നായി കുറയ്ക്കുന്നുമുണ്ട്.
ജില്ലാ ജഡ്ജിയാകാന്‍ യോഗ്യതയുള്ള വ്യക്തിയെ അധ്യക്ഷനാക്കണമെന്നും ഭേദഗതിയിലുണ്ട്. മുന്‍പ് ഈ പദവി അഡീഷണല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത വ്യക്തിയെയാണ് ഏല്‍പ്പിച്ചിരുന്നത്. രണ്ട് അംഗങ്ങളില്‍ ഒരാള്‍ വനിതയായിരിക്കണം. മറ്റൊരാള്‍ പട്ടികജാതിയിലോ പട്ടികഗോത്രവര്ഗത്തിലോ നിന്നായിരിക്കണമെന്നും ഭേദഗതിയിലുണ്ട്. നിലവിലെ നിയമത്തില്‍നിന്ന് വ്യത്യസ്തമായി, അംഗങ്ങള്‍ക്ക് തൊഴില്‍, സേവന, ഭരണരംഗങ്ങളില്‍ പരിചയം നിര്‍ബന്ധമാക്കിയിട്ടുണ്ട്. അംഗങ്ങളെല്ലാം ഹിന്ദുമതത്തില്‍പ്പെട്ടവരും ദൈവത്തിലും ക്ഷേത്രാരാധനയിലും വിശ്വസിക്കുന്നവരും ആയിരിക്കണമെന്ന നിബന്ധനയില്‍ ഈ സര്‍ക്കാര്‍ മാറ്റംവരുത്തിയിട്ടില്ല. ഭേദഗതി അംഗീകരിക്കുന്നതോടെ നിലവിലുള്ള അധ്യക്ഷനും അംഗങ്ങള്‍ക്കും സ്ഥാനം നഷ്ടപ്പെടുമെന്ന പ്രത്യേക വ്യവസ്ഥയും ബില്ലില്‍ ഉണ്ട്.
ദേവസ്വം ബോര്‍ഡിന്റെ കരാറുകാര്‍, ബുദ്ധിസ്ഥിരതയില്ലാത്തവര്‍, നിര്‍ദ്ധനര്‍, തദ്ദേശഭരണ സ്ഥാപനത്തിലോ ദേവസ്വം ബോര്‍ഡിലോ ജോലിയുള്ളവര്‍, അസന്മാര്ഗിക പ്രവര്‍ത്തനങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ടവര്‍, കോടതിയുത്തരവിലൂടെ ഔദ്യോഗികസ്ഥാനം നഷ്ടപ്പെട്ടവര്‍, മദ്യത്തിന്റെ ഉത്പാദനത്തിലോ വിതരണത്തിലോ ഏര്‍പ്പെട്ടിരുന്നവര്‍ നിലവില്‍ ഏര്‍പ്പെട്ടവര്‍ എന്നിവര്‍ക്കാണ് ദേവസ്വം ബോര്‍ഡ് റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമപ്രകാരം അയോഗ്യതയുള്ളത്. ദേവസ്വം ബോര്‍ഡ് റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമം ഭേദഗതി ചെയ്യുന്നതിലൂടെ മദ്യത്തിന്റെ ഉത്പാദനത്തിലോ വിതരണത്തിലോ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് ഇനി മുതല്‍ ദേവസ്വം ബോര്‍ഡില്‍ അഗമാകാന് കവിയും.
Discussion about this post