കേരള പ്പിറവിയുടെ അറുപതാം വാര്‍ഷിക ദിനാഘോഷത്തിന് ഗവര്‍ണറെയും, വി.എസ് അച്യുതാനന്ദന്, ഉമ്മന്‍ചാണ്ടി എന്നിങ്ഹഴെ മുന്‍ മുഖ്യമന്ത്രിമാരെയും ക്ഷണിക്കാത്തതിനെ വിമര്‍ശിച്ച പ്രമുഖ ഇടതുപക്ഷ ചിന്തകനായ അപ്പുകുട്ടന്‍ വള്ളിക്കുന്ന്. നവകേരള സൃഷ്ടിക്ക് ‘ഏകമനസ്സാ’കാനാണ് മുഖ്യമന്ത്രി ആഹ്വാനംചെയ്തത്. ജനാധിപത്യവും സഹിഷ്ണുതയും പരസ്പര സ്നേഹ – ബഹുമാനവും വിശ്വാസവുമില്ലാതെ നവകേരള സൃഷ്ടിയെപ്പറ്റി ചിന്തിക്കുന്നതുപോലും എങ്ങനെ!- എന്നിങ്ങനെയാണ് കേരളപ്പിറവി ആഘോഷവുമായി ബന്ധപ്പെട്ട ബ്വോഗിലെ വിമര്‍ശനം. പരിപാടിയ്ക്ക് ആദ്യമന്ത്രിസഭയിലെ ജീവിച്ചിരിക്കുന്ന അംഗം കെ.ആര് ഗൗരിയമ്മയെ ക്ഷണിക്കാതിരുന്നതും വിമര്‍ശനവിധേയമായിട്ടുണ്ട്.
അറുപത് മണ്ചെരാതുകളില് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അറുപത് കൈകള്‍ വെളിച്ചം പകര്‍ന്നെങ്കിലും ഐക്യകേരളം മുന്നോട്ടുവെച്ച സമന്വയത്തിന്റെ പ്രകാശം അതില്‍ കുറഞ്ഞുതന്നെ കണ്ടു.(ബ്ലോഗില്‍ നിന്ന് )
”ഔദ്യോഗിക പെരുമാറ്റച്ചട്ടം (പ്രോട്ടോകോള്‍) അലംഘനീയമൊന്നുമല്ല. രാജ്ഭവനില്‍ നടന്നിരുന്ന സത്യപ്രതിജ്ഞാചടങ്ങ് ജനസാന്നിധ്യത്തില്‍ പുറംവേദിയിലേക്ക് മാറ്റിയിട്ടുണ്ട്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രോട്ടോകോള്‍ മാറ്റിവെച്ച് വ്യക്തികളുടെ മഹത്വത്തെ മാനിക്കാന്‍ തയാറാവാറുണ്ട്. സംസ്ഥാനത്തിന്റെ അറുപതാം പിറന്നാള്പോലുള്ള ചടങ്ങ് ഔദ്യോഗിക പെരുമാറ്റച്ചട്ടത്തിന്റെ പരിമിതിയിലേക്കു ചുരുക്കാനുള്ളതല്ല.”-ലേഖനം ചൂണ്ടിക്കാട്ടുന്നു.
കെ.എം മാണിക്കും കുഞ്ഞാലിക്കുട്ടിക്കും മറ്റും ഇടംകിട്ടിയപ്പോള്‍ വി.എസിനെയും ഉമ്മന്‍ചാണ്ടിയേയും മാറ്റിനിര്‍ത്തിയത് ആലോചിച്ചാണെന്ന് കൂട്ടിവായിക്കേണ്ടവരും. ഇ.എം.എസും ഇ.കെ നായനാരും ജീവിച്ചിരുന്നെങ്കില്‍ ഇത്തരമൊരു വിശദീകരണംകൊണ്ട് ഒഴിഞ്ഞുമാറാനാകുമായിരുന്നില്ല. തീരുമാനമെടുത്ത ആഘോഷകമ്മറ്റിയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മറ്റു കക്ഷിനേതാക്കളും ഉണ്ടായിരുന്നു എന്നുകൂടി മുഖ്യമന്ത്രി ന്യായീകരിച്ചു. തടുത്തും വെട്ടിയും വീഴ്ത്തിയും പാര്‍ട്ടിയിലെ വിഭാഗീയതയിലൂടെ ഒടുവില്‍ മുഖ്യമന്ത്രിപദവിയില്‍ എത്തിയ ആശ്വാസത്തിലാണ് പിണറായി വിജയന്. മുഖ്യമന്ത്രിയായിട്ടും മനസും ഹൃദയവും പഴയ സങ്കുചിതത്വത്തില്‍നിന്ന് മോചനം നേടിയിട്ടില്ലെന്നു ഈ സംഭവം ബോധ്യപ്പെടുത്തുന്നു.
ജനാധിപത്യവും സഹിഷ്ണുതയും പരസ്പര സ്നേഹ – ബഹുമാനവും വിശ്വാസവുമില്ലാതെ നവകേരള സൃഷ്ടിയെപ്പറ്റി ചിന്തിക്കുന്നതുപോലും എങ്ങനെ! വിജയന്റെ സ്വന്തം നാട് എന്നാല്‍ സ്തുതിപാഠകരുടെ പറുദീസ എന്നാണോ?- എന്ന വാചകത്തോടെയാണ് അപ്പുക്കുട്ടന് വള്ളിക്കുന്ന് ലേഖനം അവസാനിപ്പിക്കുന്നത്.
Discussion about this post