തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ട ബലാല്‍സംഗക്കേസിലെ സി.പി.എം നഗരസഭാ കൗണ്‍സിലര്‍ അടക്കമുള്ള പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വടക്കാഞ്ചേരിയിലെ യുവതിയുടെ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു.
അനില്‍ അക്കര എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. കേസ് വനിതാ എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എമ്മുമായി ബന്ധമുള്ള വനിതാ അഭിഭാഷകയും വടക്കാഞ്ചേരിയിലെ മൂന്ന് ഇടത് കൗണ്‍സിലര്‍മാരും ചേര്‍ന്ന് കേസ് ഒതുക്കിത്തീര്‍ത്തെന്നും ഇതിന് പോലീസിന്റെ സഹായവും ലഭിച്ചതായും അനില്‍ അക്കര ആരോപിച്ചു. പരാതിയുമായി ചെന്ന യുവതിയോട് പേരാമംഗലം സി.ഐ മണികണ്ഠന് മോശമായി പെരുമാറി. പോലീസിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായില്ലെന്നും അദ്ദേഹം അടിയന്തര പ്രമേയ നോട്ടീസില്‍ അറിയിച്ചു.
അടിയന്തിര പ്രമേയത്തിന് മറുപടിയായിട്ടാണ് മന്ത്രി എ കെ ബാലന് എംഎല്‍എയുടെ പരാതി പോലിസിനോട് പറഞ്ഞാല്‍ മതിയെന്ന് പ്രതികരിച്ചത്. മന്ത്രിയുടെ ഈ വിവാദ പ്രസ്താവനയെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കി. ഇതോടെ മന്ത്രി തന്റെ പ്രസ്താവന പിന്‍വലിച്ചു. മാത്രമല്ല പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഗുരുവായൂര്‍ എ.സി.പിയുടെ നേതൃത്വത്തില്‍ കേസ് വിശദമായി അന്വേഷിക്കുന്നുണ്ടെന്ന് മന്ത്രി എ.കെ. ബാലന് അടിയന്തരപ്രമേയത്തിനു മറുപടിയായി സഭയില്‍ അറിയിച്ചു. ഉപ്പു തിന്നുന്നവന് വെള്ളം കുടിക്കും. കുറ്റക്കാര്‍ക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കണക്കാക്കുന്നുവെന്നും മന്ത്രി അറിയിച്ചു.
Discussion about this post