തൃശൂര്‍: വടക്കാഞ്ചേരി കൂട്ട ബലാത്സംഗക്കേസിലെ പരാതിക്കാരിക്കെതിരെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ രംഗത്ത്. മരുമകള്‍ തട്ടിപ്പുകാരിയാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. കേസ് കൊടുത്ത് പണം തട്ടാനുള്ള സാമര്‍ത്ഥ്യം അവര്‍ക്കുണ്ട്. കേസിലെ ആരോപണവിധേയനായ ജയന്തന് അവരുടെ കയ്യില്‍ നിന്നും പണം വാങ്ങിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു. വടക്കാഞ്ചേരി പീഡനാരോപണം സംബന്ധിച്ച വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
മരുമകള്‍ തട്ടിപ്പുകാരിയാണെന്ന് അവര്‍ ആരോപിച്ചു. കേസ് കൊടുക്കുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ്. പണം തട്ടാനാണ് ഉദ്ദേശമെന്നും മാതാപിതാക്കള്‍ പറഞ്ഞു. ഇവരുടെ കുട്ടികള്‍ വര്‍ഷങ്ങളായി താമസിക്കുന്നത് തങ്ങള്‍ക്കൊപ്പമാണ്. അവര്‍ക്കൊപ്പം പോകാന്‍ കുട്ടികള്‍ക്ക് മടിയാണ്. ജയന്തന് അവരില്‍ നിന്നും മൂന്നരലക്ഷം രൂപ കടം വാങ്ങിയെന്ന് വിശ്വസിക്കാനാകില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.
പരാതിക്കാരിയും ഭര്‍ത്താവും നിയമപരമായി വിവാഹിതരല്ലെന്നും ഇവര്‍ പറയുന്നു. നേരത്തെ ജയന്തനും തങ്ങളുടെ മകനും സുഹൃത്തുക്കളായിരുന്നു. തങ്ങളുടെ സ്വത്ത് മുഴുവന്‍ മകനും മരുമകളും ചേര്‍ന്ന് ധൂര്‍ത്തടിച്ചു. ഉള്ള സ്വത്ത് കൂടി സ്വന്തമാക്കാനുള്ള ഇവരുടെ നീക്കം മുന്നില്‍ക്കണ്ട് തങ്ങള്‍ മെഡിക്കല്‍ കോളേജ് പൊലീസിന് നേരത്തെ പരാതി നല്‍കിയിട്ടുണ്ടെന്നും പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
Discussion about this post