ആലപ്പുഴ: സാമ്പത്തിക ഭീകരതയ്ക്കെതിരേ കേന്ദ്ര സര്‍ക്കാരിന്റെ ധീരമായ കാല്‍വയ്പ്പാണ് നോട്ട് പിന്‍വലിക്കല്‍ നടപടിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സാമ്പത്തിക ഭീകരതയ്ക്കെതിരെ ധീരമായ കാല്‍വയ്പ് എന്ന തലക്കെട്ടില്‍, ഫേസ്ബുക്ക് പോസ്റ്റിലാണ് കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി രംഗത്തുവന്നത്.
രാജ്യത്തിന്റെ സമ്പദ്ഘടനയാകെ ഉടച്ചു വാര്‍ക്കുന്നതിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സൂക്ഷ്മവും ജാഗ്രത നിറഞ്ഞതും രഹസ്യ സ്വഭാവത്തോടും കൂടിയ ഈ യുദ്ധം ഇന്ത്യന്‍ സാമ്പത്തിക മേഖലയെ കടന്നാക്രമിച്ചവര്‍ക്കെതിരെയുള്ള മിന്നലാക്രമണം തന്നെയായിരുന്നു. അത് വ്യക്തമായ ലക്ഷ്യത്തോടെ നടപ്പിലാക്കിയപ്പോള്‍ ഭീകര പ്രവര്‍ത്തനം, കള്ളപ്പണം, കള്ളനോട്ട്, നികുതി വെട്ടിപ്പ്, ഹവാല ഇടപാടുകള്‍, അഴിമതി എന്നിവയ്ക്കെതിരെയുള്ള ശക്തമായ പ്രഹരമായി തീര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചാറു മാസക്കാലമായി അതീവ പ്രാധാന്യമുള്ള ഈ സര്‍ക്കാര്‍ രഹസ്യം ചോര്‍ന്നുപോകാതെ സൂക്ഷിക്കാനും സമയബന്ധിതമായി നടപ്പിലാക്കാനും കഴിഞ്ഞു എന്നുള്ളത് നരേന്ദ്ര മോദി സര്‍ക്കാരിനെ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കിയിരിക്കുന്നു. ഒരു രാജ്യത്തെ ജനങ്ങള്‍ക്ക് ഭരണാധികാരികളില്‍ പ്രതീക്ഷയും സ്വപ്നവും കാണണമെങ്കില്‍ ഭരണാധികാരികള്‍ക്ക് പിഴയ്ക്കാത്ത ലക്ഷ്യബോധവും ശക്തമായ നിര്‍വഹണപാടവവും ഉണ്ടായിരിക്കണമെന്നും വെള്ളിപ്പള്ളി നടേശന് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സാമ്പത്തിക ഭീകരതയ്ക്കെതിരെ ധീരമായ കാല്‍വയ്പ്
നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയാകെ ഉടച്ചു വാര്‍ക്കുന്നതിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അതീവ സൂക്ഷ്മവും ഏറെ ജാഗ്രതയും പരിപൂര്‍ണമായും രഹസ്യ സ്വഭാവത്തോടും കൂടിയ ഈ യുദ്ധം ഇന്ത്യന്‍ സാമ്പത്തിക മേഖലയെ കടന്നാക്രമിച്ചവര്‍ക്കെതിരെയുള്ള മിന്നലാക്രമണം ആയിരുന്നു. അത് കൃത്യമായ ചുവടുവയ്പോടെ വ്യക്തമായ ലക്ഷ്യത്തോടെ നടപ്പിലാക്കിയപ്പോള്‍ ഭീകര പ്രവര്‍ത്തനം, കള്ളപ്പണം, കള്ളനോട്ട്, നികുതി വെട്ടിപ്പ്, ഹവാല ഇടപാടുകള്‍, അഴിമതി എന്നിവയ്ക്കെതിരെയുള്ള ശക്തമായ പ്രഹരമായി തീര്‍ന്നു.
ഇന്ത്യപോലെ ജനാധിപത്യത്തിനും മതേതരത്വത്തിനും സാഹോദര്യത്തിനും വേണ്ടി വിട്ടുവീഴ്ചകളുടെ ഏതറ്റം വരെയും പോകാന്‍ വിശാലമായ കാഴ്ചപ്പാടുള്ള രാജ്യത്ത് ഏതാണ്ട് അഞ്ചാറു മാസക്കാലമായി അതീവ പ്രാധാന്യമുള്ള ഈ സര്‍ക്കാര്‍ രഹസ്യം അശേഷം ചോര്‍ന്നുപോകാതെ സൂക്ഷിക്കാനും സമയബന്ധിതമായി നടപ്പിലാക്കാനും കഴിഞ്ഞു എന്നുള്ളത് നരേന്ദ്രമോദി സര്‍ക്കാരിനെ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കിയിരിക്കുന്നു. ഒരു രാജ്യത്തെ ജനങ്ങള്‍ക്ക് ഭരണാധികാരികളില്‍ പ്രതീക്ഷയും സ്വപ്നവും കാണണമെങ്കില്‍ ഭരണാധികാരികള്‍ക്ക് പിഴയ്ക്കാത്ത ലക്ഷ്യബോധവും ശക്തമായ നിര്‍വഹണപാടവവും ഉണ്ടായിരിക്കണം.
ഇന്ന് നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക് പ്രതീക്ഷയും സ്വപ്നം കാണാനുള്ള അവകാശവും ഉണ്ടായിരിക്കുന്നു. 500, 1000 രൂപ നോട്ടുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പിന്‍വലിക്കുന്നു എന്ന് പ്രധാനമന്ത്രി രാജ്യത്തോട് പ്രഖ്യാപിക്കുമ്പോള്‍ അത് ഭീകരവാദത്തിനും അഴിമതിക്കും കള്ളപ്പണത്തിനും ഭൂമാഫിയയ്ക്കും എതിരെയുള്ള ഒരു യുദ്ധപ്രഖ്യാപനം കൂടിയായിരുന്നു. ഇതാണ് സാധാരണ ജനങ്ങള്‍ക്ക് സ്വപ്നം കാണാന്‍ അവകാശം നല്‍കുന്നത്. ഇവിടെയാണ് കോടിക്കണക്കിന് വരുന്ന പട്ടിണി പാവങ്ങള്‍ക്ക്, ഭവന രഹിതര്‍ക്ക്, ഭൂരഹിതര്‍ക്ക്, തൊഴിലാളികള്‍ക്ക്, കൃഷിക്കാര്‍ക്ക് തുടങ്ങി ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. ആ പ്രതീക്ഷയും സ്വപ്നവുമാണ് മേഖലയില്‍ ഈ സര്‍ജിക്കല്‍ അറ്റാക്കിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയിരിക്കുന്നത്.
ഭൂമാഫിയയുടെ നീരാളിപ്പിടുത്തം മൂലം സുരക്ഷിതമായി താമസിക്കാന്‍ ഒരു തുണ്ട് ഭൂമി വാങ്ങാന്‍ കഴിയാതെ അന്ധാളിച്ചു നില്ക്കുന്ന സാധാരണക്കാരന്റെ മുന്നില്‍, ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന ആഡംബര ബഹുനില ഫ്ളാറ്റ് സമുച്ചയങ്ങള്‍ അവന്റെ മനസ്സില്‍ വേദനയും അപകര്‍ഷതാബോധവും അസ്വസ്ഥതയും മാത്രമേ സൃഷ്ടിക്കുകയുള്ളൂ. അഥവാ ഒരു തുണ്ടു ഭൂമിയുണ്ടെങ്കില്‍ കൂടി അവിടെ വാസയോഗ്യമായ ഒരു വീട് നിര്‍മ്മാണത്തിന്റെ ചെലവ് ദിവസംതോറും പതിന്മടങ്ങ് വര്‍ദ്ധിച്ചുവരുന്നു. അവശ്യ സാധനങ്ങളുടെ വില ക്രമാതീതമായി ഉയരുന്നു. ആരോഗ്യമേഖലയില്‍ പെരുകി വരുന്ന ഭാരിച്ച സാമ്പത്തിക ചെലവുകള്‍ കള്ളപ്പണത്തിന്റെ മറ്റൊരു മുഖമാണ്. ആഗോള ഭീകരതയുടെ സാമ്പത്തിക ആക്രമണവും ആഭ്യന്തര വിപണിയിലെ കള്ളപ്പണവും അഴിമതിയും അശാസ്ത്രീയമായ നികുതി സമ്പ്രദായങ്ങളുമൊക്കെ നമ്മുടെ രാജ്യത്ത് വളരെ വലിയ അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നു. അതുകൊണ്ടാണ് തുല്യനീതിയും സ്ഥിതി സമത്വവും ഉറപ്പ് നല്കുന്ന ഇന്ത്യന്‍ ഭരണവ്യവസ്ഥിതിയില്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത് സംവത്സരങ്ങള്‍ പിന്നിടുമ്പോഴും അംബാനിമാരും ആദിവാസികളും തമ്മിലുള്ള അന്തരം നിരന്തരം വര്‍ദ്ധിച്ചു വരുന്നത്.
ഉടനടി തന്നെ ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം ഉണ്ടാകുമെന്നല്ല, ഇതിനൊരു മാറ്റം ഉണ്ടാകും എന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. അതുകൊണ്ടാണ് മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍ ബാങ്കുകളുടെ മുന്നിലുള്ള നീണ്ട നിരയില്‍ നിന്നുപോലും രാജ്യ നന്മയ്ക്കുവേണ്ടി ഈ ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ തയ്യാറാണെന്ന് പറയുന്നതും ഈ നടപടിയെ പ്രശംസിക്കുന്നതും.
ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നതിനു മുന്‍പ് വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് നിരവധി അവസരങ്ങള്‍ നല്‍കിയിരുന്നു. വിവിധ തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ പാന്‍ കാര്‍ഡുമായി ബന്ധപ്പെടുത്തുകയും ആയവ ആദായനികുതി വകുപ്പിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരികയും ചെയ്തു. ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തി സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കണക്കില്‍ പെടാത്ത സ്വത്തോ പണമോ ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്താന്‍ പ്രത്യേക പദ്ധതി കൊണ്ടുവരികയും അതിന് സെപ്തംബര്‍ 30 വരെ സമയം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീണ്ടും ഉണ്ടാകുന്ന സാമ്പത്തിക ആക്രമണത്തെ തടയാനും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുന്നതിനും എല്ലാവരും ബാങ്ക് അക്കൗണ്ട് സ്വന്തമാക്കണമെന്നും നിര്‍ദ്ദേശിച്ചു. സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങാനുള്ള അവസരം നല്കിയതും ജന്‍ധന്‍ അക്കൗണ്ടുകള്‍ അവതരിപ്പിച്ചതും ഇതിന്റെ ഭാഗമായിരുന്നു. ഇതെല്ലാം അര്‍ഹതപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സഹായം ബാങ്കുകളിലൂടെ വീടുകളില്‍ എത്താനും കുറ്റവാളികളെ കണ്ടെത്തുന്നതിനുമുള്ള മുന്നൊരുക്കങ്ങളുടെയും ഭാഗമായിരുന്നു. അല്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ കുറച്ചു പേരെങ്കിലും ആരോപിക്കുംപോലെ പൊടുന്നനെ ഉള്ളതല്ലായിരുന്നു. എന്നാല്‍, ഈ നടപടിയുടെ രഹസ്യസ്വഭാവം സൂക്ഷിക്കാന്‍ കഴിഞ്ഞതാണ് ഈ അസഹിഷ്ണുതയ്ക്കുള്ള കാരണം. വിവരങ്ങള്‍ ചോരുകയും ഏറെ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഈ പദ്ധതി പുറത്താവുകയും ചെയ്തിരുന്നെങ്കില്‍ കള്ളപ്പണക്കാര്‍ക്കും കള്ളനോട്ടുകാര്‍ക്കും ഹവാല ഇടപാടുകാര്‍ക്കും ഭീകര പ്രവര്‍ത്തകര്‍ക്കും അഴിമതിക്കാര്‍ക്കും ബദല്‍മാര്‍ഗങ്ങളിലൂടെ ഈ പണം തിരിച്ചുവിടാന്‍ കഴിയുമായിരുന്നു. സ്വര്‍ണം ഭൂമി തുടങ്ങിയ മേഖലകളിലേക്ക് പണം തിരിച്ചുവിട്ട് ഇവയെല്ലാം കൈപിടിയിലൊതുക്കി സാധാരണക്കാരന് അപ്രാപ്യമാക്കുമായിരുന്നു.
ഇത്രയേറെ നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രതിസന്ധികള്‍ക്ക് കൂടി പരിഹാരം കണ്ടുകൊണ്ട് കൃത്യമായ ആസൂത്രണത്തോടുകൂടി ഒരു വന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ സ്വാഭാവികമായും ചില ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. അത് കേവലം രാജ്യനന്മയെ കരുതി സ്വയം നമുക്ക് സഹിക്കാം….വരുമായിരുന്ന വലിയ ദുരിതങ്ങള്‍ ഇല്ലാതാക്കാന്‍ ഇത് ഒരു കടമ മാത്രം. ഓരോ ഭാരതീയനും അതിര്‍ത്തി കാക്കുന്ന പട്ടാളത്തെപ്പോലെ സാമ്പത്തിക യുദ്ധത്തിനെതിരെയുള്ള കാവലാളായി മാറാന്‍ കഴിയണം, അതാണ് രാജ്യസ്നേഹം. അതാവണം രാജ്യസ്നേഹം…. ജനപക്ഷത്ത് നിന്ന് ധീരമായ തീരുമാനമെടുത്ത കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഭിനന്ദനങ്ങള്‍.
Discussion about this post