‘ഡിസിസി പ്രസിഡന്റ് ആയിപ്പോയി, ഇല്ലേല്‍ തല്ലിക്കൊല്ലുമായിരുന്നു’; ഡിസിസി പ്രസിഡന്റിനെ പ്രാദേശിക നേതാവ് ശകാരിക്കുന്ന വീഡിയോ വൈറലാകുന്നു

Published by
Brave India Desk

പാലക്കാട്: നവമാധ്യമങ്ങളില്‍ ഡിസിസി പ്രസിഡന്റിനെ പ്രാദേശിക നേതാവ് തെറി വിളിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. സ്വാതന്ത്രൃസമരസേനാനി എംടി ഗോവിന്ദമേനോന്‍ അനുസ്മരണത്തിന് ഒറ്റപ്പാലത്തെത്തിയ ഡിസിസി പ്രസിഡന്റ് പിവി ബാലചന്ദ്രനാണ് പ്രാദേശിക നേതാവ് ഒറ്റപ്പാലം ലക്കിടിപേരൂര്‍ മണ്ഡലം മുന്‍ പ്രസിഡന്റായ പിഎസ് ഷാജഹാന്റെ ശകാരവര്‍ഷം നേരിട്ടത്. ഈ വീഡിയോ ആണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഡിസിസി സെക്രട്ടറി സത്യന്‍ പെരുമ്പറക്കോടിന്റേയും മറ്റ് പ്രാദേശിക നേതാക്കളുടേയും സാന്നിധ്യത്തിലാണ് ഡിസിസി പ്രസിഡന്റിനെ പ്രാദേശിക നേതാവ് നിര്‍ത്തിപ്പൊരിച്ചത്. നിങ്ങള്‍ ഡിസിസി പ്രസിഡന്റ് ആയിപ്പോയെന്നും അല്ലെങ്കില്‍ തല്ലിക്കൊല്ലുമെന്നും ഷാജഹാന്‍ പറയുന്നുണ്ട്. ഏഴ് മിനുറ്റ് നീണ്ട വീഡിയോയില്‍ രൂക്ഷമായ വാക്കുകളാണ് ഡിസിസി പ്രസിഡന്റിന് നേര്‍ക്ക് പ്രാദേശിക നേതാവ് ഉപയോഗിക്കുന്നത്. സ്ഥലത്ത് ഉണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആരോ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ആണിതെന്നാണ് സൂചന.

മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയോ പരിപാടികള്‍ സംഘടിപ്പിക്കുകയോ ചെയ്യാതെ അവഗണിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പറയുന്നു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിക്ക് ബംഗാളികളെ വിളിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ഡിസിസി പ്രസിഡന്റെന്നും എഐസിസി എന്നും പറഞ്ഞാല്‍ ഞങ്ങള്‍ക്ക് പേടി ഇല്ലെന്നും ഷാജഹാന്‍ പറയുന്നു. കോണ്‍ഗ്രസിന്റെ ഭരണത്തില്‍ നിങ്ങളുടെ സുഖവും സൗകര്യവുമൊന്നും ഞങ്ങള്‍ അനുഭവിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ കൊടി പിടിച്ച് മരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. ആരുടേയും സേവനം ആവശ്യമില്ലെന്നും ഷാജഹാന്‍ പറയുന്നു. ആദ്യം അടിത്തറ പരിശോധിക്കണം. പിന്നീട് മതി അനുസ്മരണവും മറ്റും നടത്തുന്നത്. അടിച്ച് കാലുമുറിക്കും ഞാന്‍. നിങ്ങള്‍ ഡിസിസി പ്രസിഡന്റ് ആയിപ്പോയത് കൊണ്ടാണ് ചെയ്യാത്തതെന്നും അദ്ദേഹം പറയുന്നു.

കോണ്‍ഗ്രസ് ഒരു പ്രസ്ഥാനമാണെന്നും നിങ്ങളെ പോലുള്ളവരെ അതിനെ നശിപ്പിക്കാന്‍ വന്നാല്‍ സമ്മതിക്കില്ലെന്നും ഷാജഹാന്‍ പറയുന്നു. ഷാജഹാന്റെ വാക്കുകളെ ഹര്‍ഷാരവത്തോടെയാണ് കൂടെ ഉണ്ടായിരുന്നവര്‍ സ്വീകരിച്ചത്. പിന്നീട് ഡിസിസി പ്രസിഡന്റ് യോഗം നടത്താനാവാതെ തിരിച്ചുപോകുകയായിരുന്നു.

Share
Leave a Comment

Recent News