റിയാദ് : മെർസ് കൊറോണ വൈറസ് പടരുന്നതിൽ ആശങ്കയിലായി സൗദി അറേബ്യ. മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം എന്ന മെർസ് കൊറോണ വൈറസ് സൗദി അറേബ്യയിൽ മൂന്ന് പേർക്കാണ് സ്ഥിരീകരിച്ചത്. വൈറസ് സ്ഥിരീകരിച്ചവരിൽ ഒരാൾ മരിച്ചു.
വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് സൗദി സർക്കാർ. റിയാദിലെ ഒരു ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ടാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത് എന്നാണ് സൂചന. 55 നും 60 നും ഇടയിൽ പ്രായമുള്ള മൂന്ന് പുരുഷന്മാർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ മറ്റു ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നവരായിരുന്നു ഇവർ.
ഈ വർഷം ആദ്യവും മെർസ് കൊറോണ വൈറസ് ബാധിച്ച് സൗദി അറേബ്യയിൽ ഒരു മരണം സംഭവിച്ചിരുന്നു. കൊവിഡ്-19 വൈറസിന് കാരണമായ സാർസ് കോവ് 2 വൈറസുമായി സാമ്യമുള്ള മറ്റൊരു വൈറസാണ് മെർസ് കൊറോണ. 2012 ലാണ് സൗദി അറേബ്യയിൽ ആദ്യമായി മെർസ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നത്. വവ്വാലുകളാണ് ഈ വൈറസിന്റെ ഉറവിടം. എന്നാൽ ഇവ ഒട്ടകങ്ങളിൽ നിന്നുമാണ് മനുഷ്യരിലേക്ക് പടർന്നത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. മനുഷ്യർക്കിടയിലുള്ള സമ്പർക്കം മൂലം ഇവ വ്യാപിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Discussion about this post