അടുത്ത മാസം അമേരിക്കയിൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിനുള്ള ബ്രസീൽ ടീമിനെ കോച്ച് ഡോറിവൽ ജൂനിയർ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ മിഡ്ഫീൽഡർ കാസെമിറോയെയും ടോട്ടൻഹാം സ്ട്രൈക്കർ റിച്ചാർലിസനെയും ഒഴിവാക്കി. പരാഗ്വേ, കൊളംബിയ, കോസ്റ്റാറിക്ക എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ബ്രസീൽ.
23 അംഗ ബ്രസീൽ ടീമിൽ യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ മിന്നും താരങ്ങൾ പലരും ഇടം പിടിച്ചിട്ടുണ്ട്. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, റഫീഞ്ഞ, മാർട്ടിനെല്ലി, എൻഡ്രിക്, ഇവാനിൽസൻ, സാവിഞ്ഞ്യോ എന്നിവരാണ് ബ്രസീലിനായി മുന്നേറ്റനിരയിൽ പന്ത് തട്ടുക.
മിഡ്ഫീൽഡിൽ പരിചയ സമ്പന്നർക്കും യുവ താരങ്ങൾക്കും കോച്ച് ഡോറിവൽ ജൂനിയർ ഒരുപോലെ പ്രാമുഖ്യം നൽകിയിട്ടുണ്ട്. ബ്രൂണോ ഗിമറൈസ്, ഡഗ്ലസ് ലൂയിസ്, ലൂക്കാസ് പക്വെറ്റ, ജാവോ ഗോമസ്, ആൻഡ്രിയാസ് പെരേര എന്നിവരാണ് മധ്യനിരയിൽ.
കോപ്പ അമേരിക്കയ്ക്കുള്ള ബ്രസീലിയൻ ഡിഫൻസ് ഇങ്ങനെയാണ്. പരിചയ സമ്പന്നനായ മാർകീഞ്ഞ്യോസ് നയിക്കുന്ന പ്രതിരോധ നിരയിൽ ഗബ്രിയേൽ മഗെല്ലസ്, എഡർ മിലിറ്റാവോ, ഡാനിലോ എന്നീ പ്രമുഖരും സ്ഥാനം നേടി. യാൻ കൂട്ടോ, ഗ്വില്ലെർമെ അരാന, വെൻഡെൽ ബെറാൽഡോ എന്നിവരും ബ്രസീലിയൻ പ്രതിരോധ കോട്ടയ്ക്ക് കരുത്തേകും. വെറ്ററൻ താരമായ തിയാഗോ സിൽവ ടീമിൽ ഇടം പിടിച്ചില്ല.
ആലിസൺ, എഡേഴ്സൺ, ബെന്റോ എന്നിവരാണ് കോപ്പ അമേരിക്കയ്ക്കുള്ള 23 അംഗ ബ്രസീലിയൻ ടീമിലെ ഗോൾ കീപ്പർമാർ. 2021ൽ അരങ്ങേറിയ കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീനയായിരുന്നു ജേതാക്കൾ. ഫൈനലിൽ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് അർജന്റീന മെസിയുടെ നേതൃത്വത്തിൽ കിരീടം ചൂടിയത്.
Discussion about this post