ന്യൂഡൽഹി : അതിർത്തി നിരീക്ഷണത്തിനായുള്ള ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ മെയ് 18ന് ഇന്ത്യൻ സൈന്യത്തിന് കൈമാറും. ഇസ്രായേലി സ്ഥാപനമായ എൽബിറ്റുമായി സഹകരിച്ച് അദാനി ഡിഫൻസ് സിസ്റ്റംസ് ആണ് മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം നിർമ്മിച്ച ഈ ഡ്രോണുകൾ വിതരണം ചെയ്യുന്നത്. ദൃഷ്ടി-10 എന്നാണ് അതിർത്തി നിരീക്ഷണത്തിൽ സൂപ്പർതാരമാകാൻ ഒരുങ്ങുന്ന ഈ ഡ്രോണിന് പേര് നൽകിയിരിക്കുന്നത്.
പ്രതിരോധ മന്ത്രാലയത്തിന്റെ ഓർഡർ അനുസരിച്ച് തയ്യാറാക്കിയിട്ടുള്ള ഡ്രോൺ മെയ് 18ന് ഹൈദരാബാദിൽ വച്ച് ഇന്ത്യൻ സൈന്യത്തിന് കൈമാറും. ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് സൈന്യം ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോണുകൾ ഉപയോഗിക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യ ഹെർമിസ്-900 ഡ്രോൺ ഈ വർഷം ആദ്യമാണ് ഇന്ത്യൻ നാവികസേനയ്ക്ക് ലഭിച്ചത്. രണ്ടാമതായി തയ്യാറാക്കിയിട്ടുള്ള ഡ്രോൺ കരസേനയുടെ ആവശ്യത്തിനായാണ് നൽകുന്നത്.
പാകിസ്താനുമായുള്ള പടിഞ്ഞാറൻ അതിർത്തിയുടെ സമഗ്ര നിരീക്ഷണത്തിന് ആയിട്ടായിരിക്കും കരസേന ദൃഷ്ടി-10 ഉപയോഗിക്കുക. ഇതിന്റെ ഭാഗമായി ഡ്രോണിനെ ഭട്ടിൻഡ ബേസിൽ വിന്യസിക്കാനാണ് സൈന്യം ഒരുങ്ങുന്നത്. അതിർത്തി നിരീക്ഷണം ശക്തമാക്കുകയും നുഴഞ്ഞുകയറ്റങ്ങൾ തടയുകയും ചെയ്യുക എന്നുള്ളതാണ് ദൃഷ്ടി-10 ന്റെ പ്രധാന ലക്ഷ്യം. ഇസ്രായേൽ സ്ഥാപനമായ എൽബിറ്റ് ആണ് ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോണുകളുടെ സാങ്കേതിക കൈമാറ്റം നടത്തിയിരിക്കുന്നത്.
Discussion about this post