ഡല്‍ഹി: സൗമ്യവധക്കേസില്‍ വന്ന സുപ്രീംകോടതി വിധിയേയും കേസ് പരിഗണിച്ച ജഡ്ജിമാരേയും വിമര്‍ശിച്ചതില്‍ മാപ്പ് പറയാന്‍ തയ്യാറെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഇക്കാര്യം അറിയിച്ച് കട്ജു അഭിഭാഷകന് മുഖേന സുപ്രീംകോടതിയില്‍ അപേക്ഷ നല്കി. കോടതിയലക്ഷ്യ നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്നും കട്ജു അഭ്യര്‍ഥിച്ചതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. അപേക്ഷ കോടതി നാളെ പരിഗണിക്കും.
സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത് തെറ്റാണെന്ന നിലപാടില്‍ ആയിരുന്നു കട്ജു. വിധി തെറ്റാണെന്ന കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഹര്‍ജിയായി പരിഗണിച്ച് കട്ജുവിനോട് നേരിട്ട് ഹാജരായി വിശദീകരണം നല്കാന് നേരത്തെ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
കോടതിയില്‍ ഹാജരായ കട്ജുവും ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയും തമ്മില്‍ നാടകീയ വാഗ്വാദമുണ്ടായി. ‘എന്നെ വിരട്ടാന്‍ നോക്കരുത്, മര്യാദയ്ക്ക് പെരുമാറണമെന്ന്’ വരെ കട്ജു ജഡ്ജിമാര്‍ക്കെതിരെ കോടതിയില്‍ പറഞ്ഞു. കട്ജുവിനെ ആരെങ്കിലും കോടതിയില്‍ നിന്നും ഇറക്കി കൊണ്ടുപോകണമെന്ന് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് ആവശ്യപ്പെടുകയുമുണ്ടായി. വിധി പുനപരിശോധിക്കണമെന്ന കേരളത്തിന്റെ ഹര്‍ജി തള്ളിയ കോടതി കട്ജുവിന് കോടതീയലക്ഷ്യത്തിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി, ഗോവിന്ദച്ചാമിയ്ക്ക് കീഴ്ക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കിയത്. അതേസമയം ബലാത്സംഗം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് ഹൈക്കോടതി നല്കിയ ജീവപര്യന്തം ശിക്ഷയും മറ്റു വകുപ്പുകള്‍ പ്രകാരം നല്കിയ ശിക്ഷകളും നിലനില്‍ക്കുമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.
നേരത്തെ വന്ന വിധിയില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും പിഴവുണ്ടെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി പുനപരിശോധനാ ഹര്‍ജി തള്ളിയത്.
Discussion about this post