ഗോഹട്ടി: ആസാമിലെ ഗോഹട്ടിയില്‍ ഒരു വ്യവസായിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 1.55 കോടി രൂപയുടെ പുതിയ 2000, 500 രൂപ നോട്ടുകള്‍ പിടിച്ചെടുത്തു. ഹോട്ടല്‍, ബാര്‍ വ്യവസായി ഹര്‍ദീ സിംഗ് ബേദിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണു നോട്ടുകള്‍ പിടികൂടിയത്. 1,54,06,000 രൂപയുടെ 2000 നോട്ടുകളും 75,000 രൂപയുടെ 500 രൂപ നോട്ടുകളുമാണ് പിടിച്ചെടുത്തത്.
പിടിച്ചെടുത്ത പണം ആദായ നികുതി വകുപ്പിനു കൈമാറി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഡപ്യൂട്ടി കമ്മീഷ്ണര്‍ പി. ബോറഹ് പറഞ്ഞു.
ജയ്പൂര്‍: ജയ്പൂരിലെ വ്യത്യസ്ത റെയ്ഡുകളില് നിന്നായി 93.52 ലക്ഷം രൂപയുടെ 2000 രൂപാ നോട്ടുകള്‍ പൊലീസ് പിടിച്ചെടുത്തു. ഏഴു പേരില്‍ നിന്നായാണ് പണം പിടിച്ചെടുത്തത്. ഇവരില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടികൂടിയ പണത്തില്‍ രണ്ടുപേരില്‍ നിന്നു മാത്രമായി 64 ലക്ഷം രൂപയാണ് പൊലീസ് പിടികൂടിയത്. അസാധുവാക്കപ്പെട്ട നോട്ടുകള്‍ അനധികൃതമായി മാറ്റി നല്കുന്ന സംഘത്തെ കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.സി.പി. അശോക് ഗുപ്തയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്.
പിടിച്ചെടുത്ത പണത്തില്‍ ആറു ലക്ഷം രൂപയുടെ പുതിയ നോട്ടുകളും ഉള്‍പ്പെട്ടതായും അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ച് ആദായ നികുതി വകുപ്പിന് വിവരങ്ങള്‍ കൈമാറിയെന്നും തുടരന്വേഷണം ആദായ നികുതി വകുപ്പ് നടത്തുമെന്നും പൊലീസ് അറിയിച്ചു.
നേരത്തെ, വ്യാപാരിയില്‍ നിന്നും 83 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച മൂന്ന് പേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്നും 28 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിരുന്നു
Discussion about this post