ഡല്‍ഹി: അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടിലെ അഴിമതിയില്‍ രാഷ്ട്രീയ നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന ബ്രിട്ടീഷ് അയുധ ഇടനിലക്കാരന് ക്രിസ്ത്യന്‍ മിഷേലിന്റെ ഡയറി കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്. ഹെലികോപ്ടര്‍ ഇടപാടിന്റെ കരാര്‍ ലഭിക്കാന്‍ അഗസ്റ്റാ വെസ്റ്റ്ലാന്‍ഡിന്റെ മാതൃകമ്പനി ഫിന്മെക്കാനിക്ക രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും 450 കോടി രൂപ കൈക്കൂലിയായി നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. ഇതില്‍ 114 കോടി രൂപ(ഏതാണ്ട് 16 മില്യണ്‍ യൂറോ) ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിനാണ് നല്‍കിയതെന്നും ഡയറിക്കുറിപ്പില്‍ മിഷേല്‍ പറയുന്നു.
വിവാദ കോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരന് ആയിരുന്നു ക്രിസ്ത്യന്‍ മിഷേല്‍. ഇറ്റാലിയന്‍ പൊലീസ് പിടിച്ചെടുത്ത മിഷേലിന്റെ ഡയറിക്കുറിപ്പുകള്‍ നേരത്തെ സിബിഐയ്ക്ക് കൈമാറിയിരുന്നു. ഇതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ കൈക്കൂലി ലഭിച്ച രാഷ്ട്രീയ നേതാക്കളുടെ പേരോ മറ്റു വിവരങ്ങളോ ഡയറിക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടില്ല. ഇതടക്കം 450 കോടിയോളം രൂപ വിവിധ രാഷ്ട്രീയനേതാക്കള്‍ക്കായി നല്‍കിയെന്നും ഡയറിയില്‍ പറയുന്നുണ്ട്.
വിവിഐപികളുടെ ഉപയോഗത്തിനായി 12 ഹെലികോപ്ടറുകള്‍ വാങ്ങാന്‍ 2010-ല്‍ അഗസ്റ്റ വെസ്റ്റ്ലാന്ഡുമായി മുന്‍ യുപിഎ സര്‍ക്കാരാണ് കരാറുണ്ടാക്കിയത്. കരാര്‍ തുകയുടെ 12 ശതമാനത്തോളം(423 കോടി രൂപ) കൈക്കൂലിയായി കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് പ്രധാന ആരോപണം. കരാര്‍ ഉറപ്പിക്കാന്‍ കൈക്കൂലി നല്കിയ കാര്യം ഇറ്റാലിയന്‍ അധികൃതരാണ് കണ്ടെത്തിയത്. കൈക്കൂലി നല്‍കിയതിന് ഫിന്മെക്കാനിക്കയുടെ ചെയര്‍മാനേയും അഗസ്റ്റ സിഇഒയേയും 2013-ല്‍ ഇറ്റാലിയന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടപാട് വിവാദമായ സാഹചര്യത്തില്‍ മുന്‍ സര്‍ക്കാര്‍ കരാര്‍ 2014 ജനുവരി ഒന്നിന് റദ്ദാക്കി.
3600 കോടിയുടെ അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ മുന്‍ വ്യോമസേനാ മേധാവിയെ സിബിഐ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. കരാര്‍ അഗസ്റ്റാ വെസ്റ്റാലാന്‍ഡിന്റെ മാതൃകമ്പനിയായ ഫിന് മെക്കാനിക്കയ്ക്ക് അനുകൂലമാക്കാന്‍ വ്യോമസേനാ മേധാവി ആയിരിക്കെ ത്യാഗി ഔദ്യോഗികപദവി ദുരുപയോഗം ചെയ്തെന്നാണ് സിബിഐ കണ്ടെത്തല്‍. 2004 മുതല്‍ 2007 വരെയാണ് ത്യാഗി വ്യോമസേനാ മേധാവിയായി സേവനം അനുഷ്ഠിച്ചത്. ഈ കാലയളവിലാണ് വിവിഐപി ഹെലികോപ്ടറുകള്‍ക്ക് 6000 മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിവുണ്ടായിരിക്കണമെന്ന പരിധി 4500 മീറ്ററായി ത്യാഗി കുറച്ചത്. 6000 മീറ്റര്‍ ഉയരത്തില്‍ പറക്കാനുള്ള ശേഷി അഗസ്റ്റാ വെസ്റ്റാലാന്ഡിന് ഉണ്ടായിരുന്നില്ല.
വിവാദ ഹെലികോപ്ടര്‍ ഇടപാടിലെ വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വരുത്തിയത് മുന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിഞ്ഞുകൊണ്ടാണെന്ന് എസ്പി ത്യാഗി സിബിഐ കോടതിയില്‍ പറഞ്ഞിരുന്നു. ഹെലികോപ്ടറുകളുടെ പരമാവധി പറക്കല്‍ ഉയരം സംബന്ധിച്ച വ്യവസ്ഥകളില്‍ ഇളവു വരുത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസ് കൂടി ഉള്‍പ്പെട്ട കൂട്ടായ തീരുമാനമായിരുന്നു. ഹെലികോപ്ടറിന്റെ പറക്കാവുന്ന ഉയരം 6,000 മീറ്റര്‍ പരിധിയില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടത് പിഎംഒ ഓഫീസ് ആണെന്നും ത്യാഗി പറഞ്ഞിരുന്നു.
ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ സിബിഐ ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രധാനമന്ത്രി ആയിരുന്ന കാലത്ത് മന്മോഹന്റെ പ്രിന്‍സിപ്പള്‍ സെക്രട്ടറി ആയിരുന്ന ടികെഎ നായരേയും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എംകെ നാരായണനേയും മുന്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയേയും മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ സലീം അലിയേയും ചോദ്യം സിബിഐ ചോദ്യം ചെയ്തേക്കുമെന്നും വാര്‍ത്തകള്‍ വന്നു. ഇതിനുപിന്നാലെയാണ് ക്രിസ്ത്യന്‍ മിഷേലിന്റെ ഡയറിക്കുറിപ്പുകള്‍ പുറത്തുവന്നിരിക്കുന്നത്.
യുപിഎ ഭരണകാലത്ത് നടന്ന ഈ വിവിഐപി ഇടപാടില്‍ നേരത്തെ വ്യോമസേന മേധാവി എസ്പി ത്യാഗിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post