പാലക്കാട്: ഒക്ടോബറില്‍ പാലക്കാട്ട് അരങ്ങേറിയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയ്ക്കു വേദി ഒരുക്കാനായി പാറപ്പൊടി ഇറക്കിയത് 13 ലക്ഷത്തിന്. പരിപാടി നടന്ന ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് ഇത്രയും വലിയ തുകയുടെ പാറപ്പൊടി വിതറിയതായി പൊതുമരാമത്ത് വകുപ്പിന്റെ കണക്ക്. ലക്ഷങ്ങള്‍ ചെലവിട്ട് മഴ കൊള്ളാത്ത വിധം നിര്‍മിച്ച വേദിയിലും സദസിലും മഴവെള്ളം എത്താതിരിക്കാനായി പുറത്ത് ചാല് നിര്‍മിച്ചാല്‍ മതിയായിരുന്നെന്നിരിക്കെയാണ് ലക്ഷങ്ങള്‍ ചെലവിട്ടു പാറപ്പൊടി ഇറക്കിയത്.
ഒക്ടോബര്‍ പതിനഞ്ചിനാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശ പാലക്കാട് അരങ്ങേറിയത്. പ്ലാറ്റിനം, ഡയമണ്ട്, ഗോള്‍ഡ്, സില്‍വര്‍ എന്നിങ്ങനെ പവിലിയനുകള്‍ തിരിച്ച് പാസുകള്‍ മുഖേനയായിരുന്നു പ്രവേശനം. സില്‍വര്‍ സര്‍ക്കിള്‍ പാസുകാര്‍ മാത്രമാണ് പന്തലിനു പുറത്ത് ഗാലറിയിലായത്. മറ്റുള്ളവര്‍ക്ക് ഇരിപ്പിടം പന്തലിലാണു ക്രമീകരിച്ചത്. പന്തലിനകത്തു ക്രമീകരിച്ച പ്ലാറ്റിനം, ഡയമണ്ട്, ഗോള്‍ഡ് പവിലിയനുകളില്‍ പാറപ്പൊടിയിടാന് ഏഴര ലക്ഷം രൂപ ചെലവിട്ടെന്നാണു കണക്ക്. സില്‍വര്‍ പവിലിയനിലേക്കുള്ള വി.ഐ.പികളുടെ പ്രവേശന കവാടത്തിലും പൊതുപ്രവേശന കവാടത്തിലുമായി പാറപ്പൊടിയിടാനുള്ള ചെലവ് അഞ്ചര ലക്ഷം. ഒരു ലോഡ് പാറപ്പൊടിക്ക് ശരാശരി വില 2000 രൂപ എന്നു കണക്കാക്കിയാല്‍ 13 ലക്ഷം രൂപയ്ക്ക് കുറഞ്ഞത് 650 ലോഡ് പാറപ്പൊടി എത്തിച്ചിരിക്കണം.
സ്റ്റേഡിയത്തിലെ പകുതിയോളം ഭാഗമേ പരിപാടിക്കായി ഉപയോഗിച്ചിരുന്നുള്ളു. കണക്കുപ്രകാരമുള്ള പാറപ്പൊടി ഇറക്കിയാല്‍ സ്റ്റേഡിയം മുഴുവനായി നിരത്താമായിരുന്നു. കായികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്റ്റേഡിയം ഗ്രൗണ്ടില്‍ പാറപ്പൊടിയിടാതെ മഴവെള്ളം ഒഴിഞ്ഞുപോകാനുള്ള സംവിധാനങ്ങളെ കുറിച്ച് സംഘാടകര്‍ ആലോചിച്ചതുപോലുമില്ല. പകരം പരിപാടിയുടെ ഒരു ദിവസം മുമ്പ് പെയ്ത മഴയുടെ പേരില്‍ പാറപ്പൊടി പരിഷ്കാരം നടപ്പാക്കുകയായിരുന്നു.
മൈതാനം പൂര്‍വസ്ഥിതിയിലാക്കണമെന്നു നഗരസഭ നിര്‍ദേശിച്ചതനുസരിച്ച് ഈ പാറപ്പൊടി ജെ.സി.ബി. ഉപയോഗിച്ചു നീക്കുകയും ചെയ്തു. അതു കൊണ്ടുപോയത് എവിടേക്കെന്നു വ്യക്തമല്ല. വേദിയിലേക്കുള്ള റോഡ് നിര്‍മാണത്തിന്റെ പേരിലും ലക്ഷങ്ങളാണു പൊടിച്ചത്. ദേശീയപാതയില്‍ നിന്നു വേദിയിലേക്ക് അപ്രോച്ച് റോഡ് നിര്‍മിച്ചതിന് ഏഴു ലക്ഷം രൂപയാണു ചെലവ്. വേദിയിലേക്കുള്ള പ്രധാന പ്രവേശന കവാടം മെച്ചപ്പെടുത്താന്‍ നാലര ലക്ഷം ചെലവായെന്നും കണക്ക്. സ്റ്റേഡിയം ബൈപാസില്‍ നിന്ന് ജില്ലാ ആശുപത്രി ഭാഗത്തേക്കു പോകുന്ന റോഡില്‍ നിന്നു വേദിയിലേക്ക് ബൈ റോഡ് നിര്‍മാണത്തിന് ആറു ലക്ഷമാണ് ചെലവ് കാണിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കാത്ത ഈ റോഡുകളുടെ പേരില്‍ മൊത്തം ചെലവായത് 17.50 ലക്ഷം!
Discussion about this post