കോട്ടയം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബാബുജി ഈശോയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായിരുന്ന ഇദ്ദേഹം സ്വന്തം പേരിലും ബിനാമി പേരുകളിലും അനധികൃത സ്വത്ത് സമ്പാദിച്ചു എന്നുള്ള രേഖാമൂലമുള്ള പരാതിയെ തുടര്‍ന്നാണു തിരുവനന്തപുരം വിജിലന്റ്സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്. പത്തനംതിട്ട പുത്തന്‍പീടിക പുത്തന്‍പറമ്പില്‍ എ.ആര്. സുനോദ് നല്കിയ പരാതിയെത്തുടര്‍ന്ന് അന്വേഷണത്തിന്റെ ആദ്യ ഘട്ടം എന്ന നിലയില്‍ ജനുവരി 11ന് പരാതിക്കാരില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തു.
പത്ര ഏജന്റായിരുന്ന ബാബുജി ഈശോ സ്വന്തം പേരിലും ബിനാമി പേരുകളിലും ഫ്ളാറ്റ്, ആഡംബര കാറുകള്‍, തുടങ്ങിയവ വാങ്ങിക്കൂട്ടയതായിട്ടാണ് പരാതിയിലുള്ളത്. ഈ സമ്പാദ്യങ്ങളാകെ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരിക്കെ ആ പദവി ഉപയോഗിച്ചാണു സ്വന്തമാക്കിയിട്ടുള്ളതെന്നും ഈ കാലയളവില്‍ ബാബുജി സര്‍ക്കാര്‍ അനുമതിയില്ലാതെ നിരവധി വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടെന്നും ഓഫീസില്‍ ഹാജരാകുകയോ ജോലിചെയ്യുകയോ ചെയ്യാതെ ഇപ്പോഴും സര്‍ക്കാരിന്റെ ശമ്പളം പറ്റുകയാണെന്നും പരാതിയില്‍ പറയുന്നു. വിജിലന്‍സ് ഉന്നത അധികാരികള്‍ക്കു ലഭിച്ച പരാതിയെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
Discussion about this post