ന്യൂഡൽഹി: പ്രതിരോധ രംഗത്ത് മറ്റൊരു നിർണായക ചുവടുവയ്പ്പുമായി ഇന്ത്യ. സൂപ്പർ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്‌മോസിന്റെ യുദ്ധക്കപ്പലിൽ നിന്നുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഇതോടെ രാജ്യത്തിന്റെ ആയുധക്കരുത്ത് വീണ്ടും വർദ്ധിച്ചിരിക്കുകയാണ്.
ഉച്ചയോടെയായിരുന്നു നാവിക സേനയുടെ പരീക്ഷണം. ഐഎൻഎസ് മർമഗാവിൽ നിന്നുമാണ് മിസൈൽ പരീക്ഷിച്ചത്. ലക്ഷ്യം കൃത്യമായി ഭേദിച്ച് മിസൈൽ കരുത്തു തെളിയിച്ചതായി നാവിക സേന അറിയിച്ചു. അതേസമയം മിസൈൽ പരീക്ഷണം നടത്തിയ സ്ഥലവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നാവിക സേന പുറത്തുവിട്ടിട്ടില്ല. പരീക്ഷണത്തിന്റെ ചിത്രങ്ങളും മറ്റ് വിവരങ്ങളും നാവിക സേന ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.
രാജ്യം തദ്ദേശീയമായി നിർമ്മിച്ച പടക്കപ്പലാണ് ഐഎൻഎസ് മർമഗോവ്. ബ്രഹ്‌മോസ് മിസൈലും ഇന്ത്യ സ്വന്തമായി നിർമ്മിച്ചതാണ്. അതുകൊണ്ടുതന്നെ ഈ പരീക്ഷണം ആത്മനിർഭര ഭാരതമെന്ന ഇന്ത്യയുടെ ലക്ഷ്യത്തിലേക്കുള്ള നിർണായക കുതിച്ചു ചാട്ടമായാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്. മിസൈൽ വേധ പടക്കപ്പലാണ് ഐഎൻഎസ് മർമഗോവ്.
അടുത്തിടെ ബ്രഹ്‌മോസ് മിസൈലിന്റെ നാവിക സേന പതിപ്പിന്റെ പരീക്ഷണവും നാവിക സേന വിജയകരമായി പൂർത്തിയാക്കിയിരുന്നു. മാർച്ച് മാസത്തിൽ കൊൽക്കട്ട ക്ലാസ് ഗൈഡഡ് മിസൈൽ വേധ യുദ്ധകപ്പലിലായിരുന്നു പരീക്ഷണം സംഘടിപ്പിച്ചത്. അന്നും കപ്പൽ കൃത്യമായി ലക്ഷ്യം ഭേദിച്ച് മികവ് പുലർത്തിയിരുന്നു.
Leave a Comment