ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഡൽഹി റോസ് അവന്യൂ കോടതിയിലാണ് ജാമ്യത്തിനായി സിസോദിയ അപേക്ഷ സമർപ്പിച്ചിരുന്നത്. നേരത്തെ ഈ അപേക്ഷ പരിഗണിച്ച കോടതി ഇന്നേയ്ക്ക് മാറ്റുകയായിരുന്നു.
താൻ കുറ്റക്കാരനല്ലെന്നും അതിനാൽ കസ്റ്റഡിയിൽ തുടരുന്നതിൽ അർത്ഥമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സിസോദിയ കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും സിബിഐ ശേഖരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കസ്റ്റഡിയിൽവയ്ക്കുന്നത് അന്യായമാണ്. അന്വേഷണവുമായി താൻ സഹകരിക്കും. സിബിഐ എപ്പോൾ വിളിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാകും. താൻ ഡൽഹിയുടെ ഉപ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ്. അതിനാൽ സമൂഹതത്തിൽ വലിയ സ്ഥാനമുണ്ട്. അതിനാൽ ജാമ്യം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
സിബിഐ അറസ്റ്റ് ചെയ്ത അദ്ദേഹം നിലവിൽ ഇഡിയുടെ കസ്റ്റഡിയിലാണ്. അടുത്ത മാസം മൂന്ന് വരെയാണ് ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കസ്റ്റഡിയിൽവിട്ടിരിക്കുന്നത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് തിങ്കളാഴ്ച വീഡിയോ കോൺഫറൻസിംഗ് വഴി സിസോദിയയെ കോടതിയിൽ ഹാജരാക്കിയിരുന്നു.
മദ്യനയ അഴിമതിയിൽ നിന്നും ലഭിച്ച കള്ളപ്പണം വെളുപ്പിച്ചതായി ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയും അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
Leave a Comment