ബംഗലൂരു; കനത്ത മഴയും കാറ്റും മോശം കാലാവസ്ഥയും ബംഗലൂരുവിൽ നിന്നുളള വിമാന സർവ്വീസുകളെ താളം തെറ്റിച്ചു. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന സർവ്വീസുകളും ഇവിടേക്ക് എത്തിച്ചേരേണ്ടുന്നതുമായ സർവ്വീസുകളെയുമാണ് മഴ വലച്ചത്. ഇവിടെ നിന്നും പുറപ്പെടേണ്ടിയിരുന്ന ആറ് വിമാനങ്ങൾ വൈകിയാണ് പുറപ്പെട്ടത്.
വൈകിട്ട് 4.15 മുതൽ 5.10 വരെയുളള സമയത്തായിരുന്നു ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉണ്ടായത്. 14 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. 12 എണ്ണം ചെന്നൈയിലേക്കും ഒരെണ്ണം കോയമ്പത്തൂരിലേക്കും ഒരെണ്ണം ഹൈദരാബാദിലേക്കുമാണ് വഴി തിരിച്ചുവിട്ടത്. ഏഴ് ഇൻഡിഗോ വിമാനങ്ങളും മൂന്ന് വിസ്താര വിമാനങ്ങളും രണ്ട് ആകാശ എയർലൈൻസ് സർവ്വീസുകളും എയർ ഇന്ത്യയുടെയും ഗോ എയറിന്റെയും ഓരോ സർവ്വീസുകളുമാണ് വഴി തിരിച്ചുവിട്ടതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
മഴയ്ക്ക് ശേഷം സർവ്വീസുകൾ സാധാരണ നിലയിലെത്തിയിട്ടുണ്ട്. ചെന്നൈയിലേക്ക് തിരിച്ചുവിട്ട വിമാനങ്ങൾ ഇന്ധനം നിറച്ച ശേഷം ബംഗലൂരുവിലേക്ക് തന്നെ മടങ്ങിയെത്തുമെന്നും അധികൃതർ അറിയിച്ചു. ദേവനഹളളിയിലെ മൂടിക്കെട്ടിയ കാലാവസ്ഥ റോഡ് ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചിരുന്നു.
ടെക് കമ്പനികളുടെ കേന്ദ്രമായ ഔട്ടർ റിങ് റോഡിലും വൈറ്റ്ഫീൽഡിലും ശക്തമായ മഴ പെയ്തു. വൈകുന്നേരമായതിനാൽ റോഡിൽ പൊതുവേ തിരക്കുളള സമയത്തായിരുന്നു മഴയുടെ വരവ്.
കാൽനടയാത്രക്കാരെയും ഓഫീസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയവരെയും മഴ വലച്ചു. പലരും മഴ മാറും വരെ കാത്ത് നിന്ന ശേഷമാണ് യാത്ര തുടർന്നത്.
Leave a Comment