പാലക്കാട്: പണിയെടുത്ത കൂലി ചോദിച്ചാൽ പടിക്കു പുറത്തോ?. തുടർച്ചയായി ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ശമ്പള രഹിത സേവനം 41 ാം ദിവസം എന്ന പോസ്റ്റർ യൂണിഫോമിൽ പിൻ ചെയ്തുവെച്ച് ജോലി ചെയ്തതിന്റെ പേരിൽ വനിതാ കണ്ടക്ടർക്കെതിരെ പ്രതികാര നടപടി സ്വീകരിച്ച കെഎസ്ആർടിസി മാനേജ്‌മെന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ് നായരെയാണ് പാലാ യൂണിറ്റിലേക്ക് സ്ഥലം മാറ്റിയത്. അഖിലയുടെ പ്രതിഷേധത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ സംസ്ഥാനതലത്തിൽ ശ്രദ്ധയാകർഷിച്ചിരുന്നു. കെഎസ്ടി എംപ്ലോയീസ് സംഘിന്റെ സജീവ പ്രവർത്തകയാണ് അഖില. പണിയെടുത്ത കൂലി ചോദിച്ചാൽ പടിക്ക് പുറത്തോ എന്ന ബാനറുമായിട്ടാണ് വിവിധ ഡിപ്പോകളിൽ കെഎസ്ടി എംപ്ലോയീസ് സംഘ് പ്രതിഷേധപ്രകടനം നടത്തിയത്. പാലക്കാട് ഡിപ്പോയിൽ നടത്തിയ പ്രതിഷേധം സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് കെ.രാജേഷ് ഉദ്ഘാടനം ചെയ്തു.
അഖിലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് എംപ്ലോയീസ് സംഘ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ശമ്പള നിഷേധത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലംമാറ്റിയ ഇടത് ഫാസിസത്തിനെതിരെ അഖിലയ്ക്ക് ഐക്യദാർഢ്യം എന്നെഴുതിയ ബാനറുമായിട്ടായിരുന്നു പ്രതിഷേധം. കഴിഞ്ഞ ജനുവരിയിൽ സംഘടനയുടെ തീരുമാന പ്രകാരം നടത്തിയ പ്രതിഷേധത്തിൽ ഭാഗമായതിന്റെ പേരിലാണ് അഖിലയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.
പണിമുടക്കാതെയും ജോലി തടസപ്പെടുത്താതെയും സമാധാനപരമായി നടത്തിയ പ്രതിഷേധത്തിന്റെ പേരിലാണ് കെഎസ്ആർടിസി മാനേജ്‌മെന്റും സർക്കാരും രാഷ്ട്രീയ വൈരാഗ്യത്തോടെ വനിതാ കണ്ടക്ടർക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചത്. നവമാദ്ധ്യമങ്ങൾ വഴി പ്രതിഷേധത്തിന്റെ ചിത്രം പ്രചരിപ്പിച്ചുവെന്നും അതിലൂടെ സർക്കാരിനെയും കോർപ്പറേഷനെയും അപകീർത്തിപ്പെടുത്തിയെന്നുമാണ് കണ്ടെത്തൽ. കെഎസ്ആർടിസി അഡ്മിനിസ്‌ട്രേഷൻ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് അഖിലയെ സ്ഥലം മാറ്റി ഉത്തരവിറക്കിയത്.
Leave a Comment