തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തും കോടതിയ്ക്ക് നല്‍കിയ രഹസ്യ മൊഴിയില്‍ സംസ്ഥാനത്തുനിന്ന് വിദേശത്തേക്ക് കടത്തിയ റിവേഴ്‌സ് ഹവാല ഇടപാടില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഭരണഘടനാ പദവി വഹിക്കുന്ന പ്രമുഖ വ്യക്തിയാണ് ഇതെന്ന വിവരങ്ങളും പുറത്ത് വന്നു. ഇതിനെ പിറകെയാണ് ഇത് ആരെന്ന ചോദ്യവുമായി രാഷ്ട്രീയ കേരളം രംഗത്തെത്തുന്നത്. നയതന്ത്രപാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനും ഡോളര്‍ കടത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് വമ്പന്‍ സ്രാവുകളാണെന്ന് കഴിഞ്ഞ ആഴ്ച കോടതി പറഞ്ഞിരുന്നു. പ്രതികള്‍ വെളിപ്പെടുത്തിയ പേരുകള്‍ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇവ ഈ ഘട്ടത്തില്‍ പുറത്തുവരുന്നത് അന്വേഷണപുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നുമായിരുന്നു കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതി പറഞ്ഞത്.ഉന്നതനെ സംബന്ധിച്ച സൂചനകളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് കോടതി പറഞ്ഞ ഉന്നതന്‍ ഭഗവാന്റെ പേരുള്ള ഒരാളാണെന്ന പരമാര്‍ശം കെ സുരേന്ദ്രന്‍ നടത്തിയിരുന്നു. എന്നാല്‍ ഉന്നതന്‍ ആരാണെന്ന് ഇപ്പോള്‍ പറയുന്നില്ല നിയമപരമായി പേരുകള്‍ പുറത്തുവരുന്നതല്ലേ നല്ലത്, ഇത് ചര്‍ച്ചയായതോടെ പരാമര്‍ശത്തില്‍ വിശദീകരണവുമായി സുരേന്ദ്രന്‍ രംഗത്തെത്തി. ഇന്ത്യയിലെ എല്ലാവരുടേയും പേര് ദൈവത്തിന്റെ പര്യായം തന്നെയാണല്ലോ എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നതെന്ന് ബഹുമാനപ്പെട്ട കോടതി തന്നെയാണ് പറഞ്ഞിരിക്കുന്നത്’, സുരേന്ദ്രന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സ്വര്‍ണക്കടത്തിന് സഹായിച്ചുവെന്ന് കെ സുരേന്ദ്രന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സ്പീക്കറുടെ വിദേശയാത്രകള്‍ ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസില്‍ ഒരു ഉന്നതന് മാത്രമാണ് പങ്കുള്ളത് എന്ന് കരുതുന്നില്ല, നാലോ അഞ്ചോ പേര്‍ പ്രധാനികളായി ഉണ്ടെന്നാണ് തന്റെ നിരീക്ഷണമെന്നും കെ സുരേന്ദ്രന്‍ പത്രമ്മേളനത്തില്‍ പറഞ്ഞു. ഭരണഘടന പദവിയിലുള്ളവരും സ്വര്‍ണ്ണക്കടത്ത് സംഘത്തെ സഹായിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം. മുഖ്യമന്ത്രിയും പാര്‍ട്ടിയും മൗനം പാലിക്കുകയാണെന്നും. സത്യം പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
‘ഭരണസംവിധാനമാകെ സ്വര്‍ണക്കള്ളക്കടത്തിന് സഹായം നല്‍കിയെന്ന ഞെട്ടിക്കുന്ന വിവരമാണ് കോടതിക്ക് ലഭിച്ചത്. കേരളം ഞെട്ടുന്ന കഥകളാണ് ഇനി പുറത്തുവരാനുള്ളത്. എന്നിട്ടും മുഖ്യമന്ത്രിയോ പാര്‍ട്ടി നേതാക്കളോ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിക്കുന്നവരോ ഇത് സംബന്ധിച്ച് ഒരു വിശദീകരണവും നല്‍കാന്‍ തയ്യാറായിട്ടില്ല. കള്ളക്കടത്ത് ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി അത് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. ഭഗവാന്റെ പേരുള്ളവരാണ് ഇതിന്റെ പിന്നില്‍, എല്ലാം ഭഗവാന്റെ പര്യായ പദങ്ങളാണ് സുരേന്ദ്രന്‍ പറയുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ റിവേഴ്‌സ് ഹവാലയ്ക്ക് ഉന്നതരുടെ സഹായമുണ്ടെന്നാണ് ബിജെപി പറയുന്നത്. ഭരണ ഔദ്യോഗിക സംവിധാനങ്ങള്‍ ഇതിനായി ദുരുപയോഗപ്പെടുത്തിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രി കണ്ണൂരില്‍ പോയത് പ്രചാരണത്തിനായിട്ടല്ലെന്നും ഊരാളുങ്കല്‍ വിവാദത്തിലെ ചര്‍ച്ചയ്ക്കാണെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
സ്വര്‍ണക്കടത്തിലെ ഉന്നതന്‍ ആരാണെന്ന് വ്യക്തമാക്കണമെന്നും പ്രതികളുടെ രഹസ്യമൊഴിയിലെ ഉന്നതന്‍ ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഉന്നതന് പോലും റിവേഴ്‌സ് ഹവാലയില്‍ പങ്കുണ്ട്. ഉന്നതനെ അറിഞ്ഞാല്‍ ജനം ബോധംകെട്ടു വീഴുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതോടെ ഭഗവാന്റെ പേരുള്ള ഭരണഘടന സ്ഥാനം പദവി വഹിക്കുന്ന ആളാണ് റിവേഴ്‌സ് ഹവാലയിലെ പങ്കാളി എന്ന നിലയില്‍ പല പേരുകളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.












