മലപ്പുറം: മലപ്പുറത്ത് മനുഷ്യന്റെ തലയോട്ടിയും എല്ലുകളും കണ്ടെത്തി. ഭാരതപ്പുഴയില്‍ ചമ്രവട്ടം പാലത്തിന് സമീത്ത് നിന്നുമാണ് മനുഷ്യാസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് ഇവ കണ്ടെത്തിയത്.
സംഭവം കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊന്നാനി പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒരുവര്‍ഷം പഴക്കമുള്ള മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്തവരുടെയോ അപകടത്തിൽ പെട്ട് മരിച്ചവരുടെയോ അവശിഷ്ടങ്ങളാകാമെന്ന് സംശയിക്കുന്നു. കൊലപാതകമാണോ എന്നും അന്വേഷിക്കുന്നുണ്ട്.
വിശദമായ പരിശോധനക്കായി അവശിഷ്ടങ്ങൾ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കയച്ചു. പാലത്തിന് സമീപം കലുങ്കിനോട് ചേര്‍ന്ന് പായലും ചെളിയും കെട്ടിക്കിടക്കുന്ന ഭാഗത്ത് അടിഞ്ഞ നിലയിലാണ് എല്ലുകള്‍ കണ്ടെത്തിയത്. ഇടുപ്പെലിന് സ്റ്റീലിട്ടതിന്റെ തെളിവുകൾ ലഭിച്ചത് നിർണ്ണായകമാകുമെന്നാണ് വിവരം.












