മുൻ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കരട് കുറ്റപത്രം തയ്യാറാക്കി. ബലാത്സംഗം, നിർബന്ധിത ഗർഭഛിദ്രം, വഞ്ചന, ശാരീരിക ഉപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് രണ്ട് കേസുകളിലെയും കരട് കുറ്റപത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസുകളുടെ അന്വേഷണം പൂർത്തിയാക്കിയത്.
സി.ബി.ഐയിലേക്ക് ഡെപ്യൂട്ടേഷൻ ലഭിച്ച് ചുമതല ഒഴിയുന്നതിന് തൊട്ടുമുൻപ് ജി. പൂങ്കുഴലി കരട് കുറ്റപത്രങ്ങൾ പരിശോധിച്ച് അംഗീകാരം നൽകുകയും തുടർനടപടികൾക്കായി ക്രൈംബ്രാഞ്ച് ലീഗൽ ഓഫീസർക്ക് കൈമാറുകയും ചെയ്തു.
യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം നിർബന്ധിച്ച് ഭ്രൂണഹത്യ നടത്തിച്ചു എന്നതാണ് രാഹുലിനെതിരായ ആദ്യത്തെ കേസ്. ഇതര സംസ്ഥാനത്ത് പഠിക്കുന്ന മറ്റൊരു യുവതിയെ വിവാഹവാഗ്ദാനം നൽകി ആളൊഴിഞ്ഞ വില്ലയിൽ എത്തിച്ച് പീഡിപ്പിച്ചു എന്നതാണ് രണ്ടാമത്തെ കേസ്. ഈ കേസിൽ ബലാത്സംഗത്തിന് പുറമെ വഞ്ചനാക്കുറ്റവും ശാരീരിക ഉപദ്രവം ഏൽപ്പിച്ചതിനുള്ള വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പരാതിക്കാരായ യുവതികളുടെ രഹസ്യമൊഴികളും ശാസ്ത്രീയ തെളിവുകളും ഡിജിറ്റൽ രേഖകളും പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രത്തിന് രൂപം നൽകിയത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആകെ മൂന്ന് ബലാത്സംഗ കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ഒരു കേസിൽ അന്വേഷണ സംഘം നേരത്തെ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. നിലവിൽ തയ്യാറാക്കിയിട്ടുള്ള രണ്ട് കരട് കുറ്റപത്രങ്ങളിലും ക്രൈംബ്രാഞ്ച് ലീഗൽ ഓഫീസറുടെ നിയമോപദേശം ലഭിച്ച ശേഷം അന്തിമ വകുപ്പുകളിലും പ്രതിപ്പട്ടികയിലും തീരുമാനമെടുക്കും. നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് എത്രയും വേഗം കുറ്റപത്രങ്ങൾ ബന്ധപ്പെട്ട കോടതികളിൽ സമർപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.












