കുമളി: മരിച്ചെന്ന് കരുതി പ്ലാസ്റ്റിക് ബക്കറ്റിലാക്കി വീട്ടിലേക്ക് കൊടുത്തു വിട്ട കുഞ്ഞിന് സംസ്കാരസമയത്ത് അനക്കം വെച്ചു. 700 ഗ്രാം മാത്രം തൂക്കവുമായി, മാസം തികയാതെ പിറന്ന പെൺകുഞ്ഞിനെയാണ് മരിച്ചെന്ന് കരുതി സംസ്കരിക്കാൻ ഒരുങ്ങിയത്. കൈകൾ അനങ്ങിയതോടെ അടിയന്തരമായി ആശുപത്രിയിലെത്തിച്ച കുഞ്ഞ് നിലവിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.
തമിഴ്നാട് പെരിയകുളം സ്വദേശിയായ പിളവൽ രാജിന്റെ ഭാര്യ ആരോഗ്യ മേരി ഇന്നലെ പുലർച്ചെ മൂന്നരയോടെയാണു കുഞ്ഞിന് ജന്മം നൽകിയത്. ആറാം മാസത്തിലായിരുന്നു പ്രസവം. രാവിലെ എട്ടരയോടെ ആശുപത്രി അധികൃതർ പിളവൽ രാജിനെ വിളിച്ച് കുട്ടി മരിച്ചു പോയതായി അറിയിക്കുകയായിരുന്നു.
തുടർന്ന് മൂടിയുള്ള ഒരു പ്ലാസ്റ്റിക് ബക്കറ്റിലാക്കി കുഞ്ഞിനെ വീട്ടിലേക്കു കൊടുത്തു വിട്ടു. വീട്ടിലെത്തി സംസ്കാര ശുശ്രൂഷയ്ക്കു ശേഷം ശവപ്പെട്ടി അടയ്ക്കാൻ തുടങ്ങുമ്പോൾ കൈകൾ ചലിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് തേനി മെഡിക്കൽ കോളജ് ഡീൻ ഡോ. ബാലാജി നാഥൻ ബന്ധുക്കളെ അറിയിച്ചു.











