കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ ശബ്ദ സന്ദേശം പുറത്തു വിട്ട് ദിലീപ്. താൻ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് ബാലചന്ദ്രകുമാർ പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവിട്ടിരിക്കുന്നത്. സന്ദേശം ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കി.
കടം വാങ്ങിയവരോട് സംസാരിക്കണമെന്നും സിനിമ നാല് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് പറയണമെന്നും ബാലചന്ദ്രകുമാർ പറയുന്നത് ശബ്ദസന്ദേശത്തിൽ വ്യക്തമാണെന്ന് ദിലീപ് പറഞ്ഞു. ബാലചന്ദ്രകുമാർ നേരത്തെ ദിലീപിന് അയച്ച ശബ്ദ രേഖയാണ് ഇതെന്നാണ് ദിലീപ് പറയുന്നത്. 2021 ഏപ്രിൽ 14 ന് അയച്ച സന്ദേശമാണ് ഇത്.
ബാലചന്ദ്രകുമാറിനെതിരെ ബലാത്സംഗ ആരോപണവുമായി കഴിഞ്ഞ ദിവസം യുവതി രംഗത്ത് വന്നിരുന്നു. ജോലി വാഗ്ദാനം നൽകി ഫ്ലാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് പരാതി. പരാതിയിൽ ബാലചന്ദ്രകുമാറിനെതിരെ അന്വേഷണം നടക്കാത്തതിൽ സിനിമാ മേഖലയിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്.












