ആലപ്പുഴ: തിരുവനന്തപുരം മെഡിക്കൽ കോളേജിന് പിന്നാലെ ആലപ്പുഴ മെഡിക്കൽ കോളേജിലും നിയമം കൈയ്യിലെടുത്ത് സുരക്ഷാ ജീവനക്കാർ. ബന്ധുവിനു കൂട്ടിരിക്കാനെത്തിയ പതിമൂന്നുകാരിയെ വനിതാ സുരക്ഷാജീവനക്കാർ മർദിച്ചതായി പരാതി. കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിലുള്ള ട്രോൾഫ്രീ നമ്പരിലേക്ക് കുട്ടി നേരിട്ട് വിളിച്ച് പരാതി പറഞ്ഞതോടെയാണ് സംഭവം വാർത്തയായത്.
ആഴ്ചകൾക്ക് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജിലും സമാനമായ സംഭവം ഉണ്ടായിരുന്നു. അർബുദ രോഗിയുടെ കൂട്ടിരിപ്പുകാരനെ സുരക്ഷാ ജീവനക്കാർ മൃഗീയമായി മർദ്ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നിയമം കൈയ്യിലെടുക്കുന്ന സുരക്ഷാ ജീവനക്കാർക്കെതിരെ നടപടി വേണമെന്ന് അന്നും ആവശ്യം ഉയർന്നിരുന്നു.
യോഗ്യതാ പരീക്ഷയോ സർക്കാർ തലത്തിൽ നടത്തുന്ന മറ്റേതെങ്കിലും പരീക്ഷകളോ എഴുതാതെ രാഷ്ട്രീയ സ്വാധീനത്തിലാണ് മിക്ക സുരക്ഷാ ജീവനക്കാരും ആശുപത്രികളിൽ നിയമിക്കപ്പെടുന്നത്. അതു കൊണ്ട് തന്നെ ഇവരുടെ ധിക്കാരം പലപ്പോഴും അതിരുകടക്കാറുണ്ടെന്ന് രോഗികളും കൂട്ടിരിപ്പുകാരും ആരോപിക്കുന്നു.











