കൊച്ചി: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി തൊടുപുഴയിൽ പിടിയിലായ കോതമംഗലം സ്വദേശിനി അക്ഷയ ഷാജിയുടെ കുടുംബം ആ ഞെട്ടലിൽ നിന്ന് ഇനിയും മുക്തരായിട്ടില്ല. മകളെകുറിച്ച് ഇത്തരത്തിലൊരു വാർത്ത കേൾക്കേണ്ടി വരുമെന്ന് ആ അച്ഛനും അമ്മയും ഉറക്കത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ലെന്നാണ് അയൽവാസികളും പറയുന്നത്.
എവിടെയാണ് അക്ഷയയ്ക്ക് വഴിപിഴച്ചുപോയതെന്ന് അറിയാതെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും നാട്ടുകാരും. പഠിക്കാൻ വളരെ മിടുക്കിയായിരുന്നു അക്ഷയ എന്നാണ് അയൽവാസികളും പറയുന്നത്. പ്ലസ്ടുവിന് നല്ല മാർക്ക് വാങ്ങി വിജയിച്ച് അക്ഷയ സോഷ്യോളജിയിലാണ് ബിരുദം നേടിയത്.85 ശതമാനം മാർക്ക് വാങ്ങിയായിരുന്നു ബിരുദം പൂർത്തിയാക്കിയത്. ചിത്രവരയ്ക്കാനും, സംഗീതത്തിലും എല്ലാം താത്പര്യമുണ്ടായിരുന്ന ഒരു സാധാരണ പെൺകുട്ടി എങ്ങനെ ഈ അസാധാരണ വഴിയിലെത്തിപ്പെട്ടു എന്ന ചിന്തയാണ് വീട്ടുകാരുടെ ഉറക്കം കെടുത്തുന്നത്.
ബിരുദാനന്തരം അക്കൗണ്ടിങ് പഠിക്കാനായി എറണാകുളത്തെ ഒരു സ്ഥാപനത്തിൽ ചേർന്നു. ഇതിനിടയിലാണ് ഫോൺവഴി റസാക്കുമായി ബന്ധമുണ്ടായതെന്നാണ് സൂചന. ഇതര മതസ്ഥനുമായുള്ള പ്രണയം വീട്ടിൽ ചില അസ്വാരസ്യങ്ങൾക്ക് കാരണമായിരുന്നു.എന്നാൽ ഈ ബന്ധത്തിൽ നിന്ന് വിട്ടുമാറാൻ അക്ഷയ കൂട്ടാക്കിയിരുന്നില്ല. ഇതിൻറെ പേരിൽ അക്ഷയ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. മനസ്സിലാ മനസ്സോടെ അക്ഷയയുടെ വീട്ടുകാർ യൂനസ് റസാക്കിൻറെ വീട്ടിൽ പോയി വിഷയം അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ അവിടെയും അപമാനിതരായി തിരിച്ച് വരാനായിരുന്നു ആ മാതാപിതാക്കൾക്ക് യോഗമുണ്ടായത്.
അഞ്ചു നേരം നിസ്ക്കരിക്കുന്ന കുടുംബമാണ് എന്നും അതിനാൽ അന്യമതക്കാരിയായ പെൺകുട്ടിയെ മകനുമായി വിവാഹം കഴിപ്പിക്കാൻ താൽപര്യമില്ലെന്നുമായിരുന്നു റസാക്കിൻറെ വീട്ടുകാരുടെ മറുപടി. ഇക്കാര്യം അറിഞ്ഞതോടെ ബന്ധത്തിൽ നിന്ന് ഒഴിഞ്ഞുമാറിയതായി അക്ഷയയും സമ്മതിച്ചു. എന്നാൽ വീട്ടുകാരറിയാതെ വീണ്ടും ഇവർ ബന്ധം തുടരുകയായിരുന്നുവെന്നാണ് സംശയം.
അതിനിടയിൽ അക്കൌണ്ടിങ്ങ് പഠനം ഉപേക്ഷിച്ച് അക്ഷയ ഒരു തുണിക്കടയിൽ ജോലിക്ക് കയറി. മകളെ വിദേശത്ത് അയച്ച് പഠിപ്പിക്കാനായി അക്ഷയയുടെ വീട്ടുകാർ ശ്രമിക്കുന്നതിനിടെയാണ് ലഹരിമരുന്നുമായി പിടിയിലാകുന്നത്. എന്നാൽ അറസ്റ്റിലാകുമെന്ന് ഉറപ്പായപ്പോൾ അക്ഷയയെ റസാക്ക് മനപൂർവ്വം വിളിച്ചുവരുത്തിയാതാകാമെന്നാണ് വീട്ടുകാർ സംശയം ഉന്നയിക്കുന്നത്.
ലഹരികേസിൽ അറസ്റ്റിലാകുന്ന ദിവസം രാവിലെ അക്ഷയ വീട്ടുകാരെ ഫോണിൽ വിളിച്ചിരുന്നു. പനിയാണെന്നും തൊടുപുഴ താലൂക്കാശുപത്രിയിലേക്ക് വരണമെന്നും ആവശ്യപ്പെട്ടാണ് ഫോൺ ചെയ്തത്. എന്നാൽ വീട്ടിൽ നിന്ന് ഇറങ്ങുന്ന സമയത്ത് വിളിച്ചപ്പോഴാണ് അക്ഷയ പോലീസ് കസ്റ്റഡിയിലാണെന്ന് വീട്ടുകാർ അറിയുന്നത്. അക്ഷയയ്ക്ക് ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും ഉണ്ടായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്.











