കോഴിക്കോട്: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. അണുബാധയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ 7.40 നായിരുന്നു അന്ത്യം.
സംസ്കാരം തിങ്കളാഴ്ച രാവിലെ 9 ന് നിലമ്പൂർ മുക്കട്ട വലിയ ജുമാ മസ്ജിദിൽ നടക്കും. നിലമ്പൂരിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. അനാരോഗ്യം മൂലം അടുത്ത കാലത്തായി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മുസ്ലീം സമുദായത്തിനിടയിലെ കോൺഗ്രസിന്റെ മുഖമായിരുന്നു ആര്യാടൻ.
കോൺഗ്രസിനുളളിൽ നിൽക്കുമ്പോഴും മുസ്ലീം ലീഗിനെതിരെ ശക്തമായ വിമർശനങ്ങൾ ആര്യാടൻ ഉയർത്തിയിരുന്നു. ആര്യാടന്റെ നിലപാടുകൾ പലപ്പോഴും കോൺഗ്രസ് – ലീഗ് പോരിൽ വരെ എത്തിച്ചിട്ടുണ്ട്. ലീഗിന്റെ തീവ്ര മത നിലപാടുകൾ ഉൾപ്പെടെ ചോദ്യം ചെയ്തിരുന്ന നേതാവായിരുന്നു അദ്ദേഹം.
1987 മുതൽ 2011 വരെ നിലമ്പൂർ മണ്ഡലത്തിലെ കോൺഗ്രസിന്റെ ഉറച്ച ജന പ്രതിനിധിയായിരുന്നു ആര്യാടൻ. എട്ട് തവണ ഈ മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയി. അതിന് മുൻപ് 65 ലും 67 ലും നിലമ്പൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 77 ൽ ഇതേ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 1980 ൽ എ ഗ്രൂപ്പിനൊപ്പം ഇടതുമുന്നണിയുടെ നയനാർ മന്ത്രിസഭയിൽ വനം തൊഴിൽ വകുപ്പ് മന്ത്രിയായി.
തൊഴിലാളി സംഘടനകളിലൂടെയാണ് ആര്യാടൻ മുഹമ്മദ് സജീവ രാഷ്ട്രീയത്തിൽ എത്തിയത്. 1960 ൽ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി. 1969 ൽ മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ ഡിസിസി അദ്ധ്യക്ഷനായി. 78 മുതൽ കെപിസിസി സെക്രട്ടറിയായി. 1995 ലെ ആന്റണി മന്ത്രിസഭയിൽ തൊഴിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രിയായി. 2011 ലും 2005 ലും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി.











