കൊച്ചി: യൂട്യൂബ് വ്ലോഗർമാരായ ഇ ബുൾജെറ്റ് സഹോദരങ്ങളും അവരുടെ രൂപമാറ്റം വരുത്തിയ നെപ്പോളിയൻ എന്ന വാഹനവും കുറെ നാളുകളായി നിയമക്കുരുക്കിലാണ്. മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഇ ബുൾജെറ്റ് സഹോദരൻമാർ നൽകിയ ഹർജി ഹൈക്കോടതിയും തളളി. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ വാഹനങ്ങളുടെ രൂപമാറ്റം സജീവ ചർച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ നടപടി.
ഇതുമായി ബന്ധപ്പെട്ട് തലശ്ശേരി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയായിരുന്നു. വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ പഴയ പടിയാക്കണമെന്നും അതിന് ശേഷം മാത്രം കൈമാറിയാൽ മതിയെന്നും കോടതി ഉത്തരവിട്ടു. മോട്ടോർ വാഹന വകുപ്പ് സർട്ടിഫിക്കറ്റ് നൽകും വരെ വാഹനം നിരത്തിലിറക്കുന്നതിനും വിലക്കുണ്ട്.
കഴിഞ്ഞ ഏപ്രിലിലാണ് വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവം ഓൺലൈൻ ലോകത്ത് വലിയ ചർച്ചയാകുകയും ചെയ്തിരുന്നു.











