കൊച്ചി: തലാഖ് ചൊല്ലിയ ഭർത്താവിനോട് ഭാര്യക്ക് 31,98,000 രൂപ ജീവനാംശം നൽകാൻ ഹൈക്കോടതി ഉത്തരവ്. കേരളത്തിൽ ആദ്യമായിട്ടാണ് ഇത്രയും ഉയർന്ന തുക നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുന്നത്.ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് ഉത്തരവ്.മുത്വലാഖ് കേസില്‍ നഷ്ടപരിഹാരം നല്‍കണമെന്ന കളമശേരി മജിസ്ട്രേറ്റ് കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.
എറണാകുളം പള്ളിക്കര സ്വദേശി ഷിഹാബാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. കേരളത്തില്‍ ആദ്യമായാണ് ഇത്രയും ഉയര്‍ന്ന തുക നഷ്ടപരിഹാരം നല്കാന് നിര്‍ദ്ദേശിക്കുന്നത്. വിദേശത്ത് ജോലിയുള്ള ഭർത്താവിന് മാസം രണ്ട് ലക്ഷം രൂപ ശമ്പളം ഉണ്ടെന്നും അതിനനുസൃതമായ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു ഭാര്യയുടെ ആവശ്യം. 2008 രജിസ്റ്റര്‍ ചെയ്ത വിവാഹം 2013 ല്‍ ഷിഹാബ് തലാഖ് ചൊല്ലി വേര്‍പെടുത്തുകയായിരുന്നു.
അതേസമയം, വ്യക്തി നിയമപ്രകാരം മുസ്ലീം മതവിഭാഗത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹം പോക്സോ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന സുപ്രധാന നിരീക്ഷണവും കേരളഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. വിവാഹതിരായവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണെങ്കിൽ പോക്സോ കുറ്റം ചുമത്താമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസായിരുന്നു കേസിൽ നിർണ്ണായക തീരുമാനം വ്യക്തമാക്കിയത്.
വധുവിനോ വരനോ പ്രായപൂര്‍ത്തിയായില്ലെങ്കില്‍ പോക്സോ കേസ് നിലനില്ക്കും. വിവാഹത്തിന്റെ പേരിൽ പോലും കുട്ടികൾക്കെതിരെ അതിക്രമങ്ങൾ പാടില്ലെന്ന ലക്ഷ്യമാണ് നിയമം വിഭാവനം ചെയ്യുന്നതെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കിയിരുന്നു.
പശ്ചിമ ബംഗാളിൽ നിന്നുളള പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്നതായിരുന്നു പ്രതിക്കെതിരായ കുറ്റം. പെൺകുട്ടി ചികിത്സക്കെത്തിയപ്പോൾ പ്രായപൂർത്തിയായിട്ടില്ലെന്ന് തിരിച്ചറിഞ്ഞ് ആശുപത്രി അധികൃതരാണ് പോലീസിനെ അറിയിച്ചത്. പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ മുസ്ലിംവ്യക്തിനിയമ പ്രകാരം വിവാഹം കഴിച്ചതിനാല്‍ ജാമ്യത്തിന് അര്‍ഹനാണെന്നായിരുന്നു പ്രതിയുടെ വാദം.
പെണ്‍കുട്ടിക്ക് 16 വയസ് മാത്രമാണ് പ്രായമുള്ളതെന്നും, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
പശ്ചിമബംഗാള്‍ സ്വദേശിയായ ഖാലിദർ റഹ്മാന്റെ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം .തുടർന്ന് ഹർജിക്കാരനെ പോലീസ് റിമാൻഡ് ചെയ്തു.
എന്നാൽ പെൺകുട്ടിയെ താൻ വിവാഹം ചെയ്തതാണെന്നും മുസ്ലീം വ്യക്തി നിയമപ്രകാരം അതിന് നിയമതടസമില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. മുസ്ലീം വ്യക്തി നിയമപ്രകാരം ഒരാളെ വിവാഹം കഴിക്കുന്നതിന് പതിനെട്ട് തികയേണ്ടതില്ലെന്നും പ്രതി കോടതിയിൽ നിലപാടെടുത്തു. ചില സംസ്ഥാനങ്ങളിലെ ഹൈക്കോടതികൾ തന്നെ ഇക്കാര്യത്തിൽ പുറപ്പെടുവിച്ച ഉത്തരവും കോടതിയിൽ ഹാജരാക്കി. എന്നാൽ ഈ വാദങ്ങളെയെല്ലാം തള്ളിക്കൊണ്ടായിരുന്നു കേരള ഹൈക്കോടതിയുടെ നിരീക്ഷണം വ്യത്യസ്തമായത്.











