മലപ്പുറം: വസ്ത്രധാരണത്തെ ചൊല്ലി പ്രധാന അദ്ധ്യാപിക മോശമായി പെരുമാറിയതായി പരാതി.മലപ്പുറം എടപ്പറ്റ സി കെ എച്ച് എം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ് മിസ്ട്രസ് റംലത്തിനെതിരെയാണ് പരാതി. ഇതേ സ്കൂളിലെ ഹിന്ദി അദ്ധ്യാപിക സരിത രവീന്ദ്രനാഥാണ് ഡിഇഒക്ക് പരാതി നൽകിയത്.
സ്കൂളിലെ ഏതോ കുട്ടി യുണിഫോം ധരിക്കാത്തത് താൻ ലെഗ്ഗിൻസ് ധരിച്ച് വരുന്നതിനാലാണെന്ന് പറഞ്ഞാണ് പ്രധാന അദ്ധ്യാപിക തന്നെ അപമാനിച്ചതെന്ന് സരിത പറയുന്നു. രാവിലെ സ്കൂളിലെത്തി ഹെഡ് മിസ്ട്രസിൻ്റെ റൂമിൽ ഒപ്പിടാൻ ചെന്നപ്പോൾ ആണ് തന്നെ അപമാനിക്കുന്ന രീതിയിൽ ഹെഡ് മിസ്ട്രസ് സംസാരിച്ചതെന്ന് അദ്ധ്യാപിക പരാതിയിൽ പറയുന്നു.
” കുട്ടികൾ ഒന്നും യൂണിഫോം ഇടുന്നില്ല, അതെങ്ങനെയാണ് കുട്ടികളെ വഴക്കു പറയുക ?..നിങ്ങളുടെ വസ്ത്ര ധാരണം ഒക്കെ ഇങ്ങനെ അല്ലേ…” എന്നാണ് തന്നോട് ചോദിച്ചതെന്ന് സരിത പറയുന്നു. എന്താണ് എൻ്റെ വസ്ത്രത്തിൻ്റെ പ്രശ്നം എന്ന് ഞാൻ ചോദിച്ചപ്പോൾ, ഞാൻ ലെഗിൻസ് ഇട്ട് വന്നത് കൊണ്ടാണ് കുട്ടികൾ ഇതെല്ലാം ചെയ്യുന്നത് എന്നായിരുന്നു പ്രതികരണം.
അദ്ധ്യാപകർക്ക് സൗകര്യപ്രദമായ മാന്യമായ ഏതൊരു വസ്ത്രവും ധരിച്ച് സ്കൂളിൽ വരാമെന്ന് നിയമം ഉണ്ട്. മാന്യതയ്ക്കോ അധ്യാപനജോലിക്കോ നിരക്കാത്തതായ വസ്ത്രം ധരിച്ച് ഇതുവരെ സ്കൂളിൽ വന്നിട്ടില്ല. ഇത്തരത്തിലൊരു അനുഭവമുണ്ടായത് ഏറെ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും സരിത രവീന്ദ്രൻ പറയുന്നു. സംഭവത്തിൽ ഡിഇഒയ്ക്ക് താൻ പരാതി നൽകിയിട്ടുണ്ട്. എൻ്റെ സംസ്കാരം വേറെ ആണ് എന്നുള്ള തരത്തിൽ ഉള്ള പ്രസ്താവനകൾ ഒട്ടും അംഗീകരിക്കാൻ പറ്റില്ല. ഈ ഒരു സാഹചര്യത്തിൽ ആണ് പ്രോബേഷണിൽ ഉള്ള ഒരു അദ്ധ്യാപിക ആയിട്ടും പരാതി നൽകിയത്.ഞാൻ മാനസികമായി ഏറെ തളർന്നു പോയി, രാവിലെ മുഴുവൻ കരഞ്ഞിരിക്കുക ആയിരുന്നു. ” സരിത രവീന്ദ്രനാഥ് പറഞ്ഞു.
അദ്ധ്യാപകർ ജീൻസ് ഇട്ട് വരുന്നത് പ്രശ്നമല്ല എന്നിരിക്കെ ആണ് ഞാൻ ലെഗിൻസ് ധരിച്ചത് ഇവിടെ ചോദ്യം ചെയ്യുന്നത്. ജീൻസ് ധരിച്ച് വരുന്ന അധ്യാപകരോട് ഇതൊന്നും ചോദ്യം ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. വളരെ മാന്യമായി, നിയമപരമായി ധരിക്കാൻ പറ്റുന്ന വസ്ത്രം തന്നെ ആണ് ഞാൻ ധരിച്ചതെന്നും സരിതാ രവീന്ദ്രൻ ആവർത്തിക്കുന്നു. ഇക്കാര്യത്തിൽ ഹെഡ്മിസ്ട്രസിൻറെ ഭാഗത്ത് നിന്ന് വിശദീകരണം ഉണ്ടായിട്ടില്ല.











