പാലക്കാട് : വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ എസ് മുഹമ്മദ് ഹക്കീമിന് ജൻമനാടി വിട നൽകി . ഭാര്യ റംസീനയും മകൾ അഫ്ഷിൻ ഫാത്തിമയും അവസാനമായി ഹക്കീമിന് സല്യൂട്ട് നൽകിയപ്പോൾ ഒരു നാടാകെ വിതുമ്പി നിന്നു. ജുമാ മസ്ജിദ് കബറിസ്ഥാനിൽ ആണ് സംസ്കാരചടങ്ങുകൾ നടന്നത്. മുഹമ്മദ് ഹക്കീമിൻറെ ഭൌതിക ശരീരം പാലക്കാട് ധോണി ഉമ്മിണി സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. ആയിരങ്ങളാണ് വീരജവാന് അന്തിമോപചാരം അർപ്പിക്കാനായി ഇവിടെ എത്തിച്ചേർന്നത്. സംസ്ഥാന സർക്കാരിന്റെയും സിആർപിഎഫിന്റെയും ഔദ്യോഗിക ബഹുമതിയായ ഗാർഡ് ഒഫ് ഓണർ നൽകിയ ശേഷമായിരുന്നു സംസ്ക്കാരം.
ഛത്തീസ്ഗഢിലെ സുകുമയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് അകത്തേത്തറ ധോണി പയറ്റാംകുന്ന് ഫസ്റ്റ്ലൈൻ ഇ എം എസ് നഗറിൽ ദാറുസലാം വീട്ടിലെ എസ് മുഹമ്മദ് ഹക്കീം വീരമൃത്യു വരിച്ചത് . തീവ്ര പരിശീലനം ലഭിച്ച കോബ്ര ബറ്റാലിയൻ എലൈറ്റ് യൂണിറ്റിലെ ഹെഡ് കോൺസ്റ്റബിളായിരുന്നു. സുക്മ ജില്ലയിലെ ചിന്റഗുഫ വനത്തിൽ ഈയിടെ സ്ഥാപിച്ച സൈനിക ക്യാംപിനു നേരെ 29നു വൈകിട്ടു അഞ്ചോടെ മാവോയിസ്റ്റ് സംഘം നടത്തിയ ആക്രമണത്തിലാണു മുഹമ്മദ് ഹക്കീമിനു വെടിയേറ്റത്. ക്യാംപിന്റെ സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു മുഹമ്മദ് ഹക്കീം. സൈനികർ തിരിച്ചടിച്ചതോടെ മാവോയിസ്റ്റ് സംഘം ജീപ്പിൽ വനത്തിലേക്കു കടന്നു. ഹക്കീമിനെ ജഗൽപൂരിലെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സൈനികനാവണമെന്ന ആഗ്രഹമായിരുന്നു കുഞ്ഞുനാൾ മുതൽ മുഹമ്മദ് ഹക്കിം കൊണ്ടു നടന്നത്. സൈനിക വേഷം ധരിച്ച പിതാവിൻറെ ഫോട്ടോ മുഹമ്മദ് ഹക്കീം എപ്പോഴും തൻറെ പേഴ്സിൽ സൂക്ഷിച്ചിരുന്നു.സൈനിക പ്രാധാന്യമുള്ള സിനികളോടായിരുന്നു വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ മുഹമ്മദിന് താത്പര്യമെന്നും സഹപാഠികൾ ഓർക്കുന്നു.റെയിൽവേ ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ സൈനികൻ ആകാനുള്ള പരിശീലനം തുടങ്ങിയിരുന്നു.
പാലക്കാട് പോളിടെക്നിക്കിൽ നിന്നു പഠനം പൂർത്തിയാക്കിയ ശേഷം സിആർപിഎഫിൽ സിഗ്നൽ വിഭാഗത്തിൽ റേഡിയോ ഓപറേറ്ററായി ജോലി ലഭിച്ചു. ജമ്മു കശ്മീരിലായിരുന്നു ആദ്യ നിയമനം. പിന്നീട് 2 വർഷം തീവ്ര പരിശീലനം നേടി കോബ്ര വിഭാഗത്തിൽ ഇടം നേടി. ഒഡീഷ, ബിഹാർ, ആന്ധ്ര ഉൾപ്പെടെ സംസ്ഥാനങ്ങളിൽ ജോലി ചെയ്തു. മാവോയിസ്റ്റ് സംഘത്തെ നേരിടാനുള്ള പ്രത്യേക പരിശീലനവും നേടി.











