കൊച്ചി:വിവാഹ മോചനത്തിന് വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കാത്തിരിക്കണമെന്ന വ്യവസ്ഥ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി.നിർബന്ധിത കാത്തിരിപ്പ് കാലാവധി പൗരന്മാരുടെ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ബാധിക്കുമെന്ന് ജസ്റ്റിസുമാരായ എ മുഹമ്മദ് മുസ്താക്ക്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
വിവാഹ മോചനത്തിന് വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കാത്തിരിക്കണമെന്ന ക്രിസ്ത്യന്‍ വിവാഹ നിയമത്തിലെ വ്യവസ്ഥയ്ക്കെതിരെയായിരുന്നു കോടതിയുടെ വിമർശനം. ക്രിസ്ത്യൻ വിവാഹമോചന നിയമത്തിലെ സെക്ഷൻ 10 എ കോടതി റദ്ദാക്കുകയും ചെയ്തു. മൗലികാവകാശത്തിനെതിരാണ് വ്യവസ്ഥ എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.
പ്രകാരം പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ കാലയളവ് ഒരു വർഷം എന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹമോചനത്തിനുള്ള കാരണത്തിൽ തൃപ്തിപ്പെട്ടാൽ, ഒരു വർഷത്തിന് മുമ്പുതന്നെ വിവാഹമോചനം നൽകാൻ കഴിയുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഈ വർഷം ജനുവരിയിൽ ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹിതരായ രണ്ട് പേർ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. വിവാഹത്തിന് ശേഷം തീരുമാനം തെററായിപോയെന്ന് മനസ്സിലാക്കിയാണ് ഇരുവരും വിവാഹ മോചനത്തിന് പരസ്പര സമ്മതത്തോടെ കോടതിയെ സമീപിച്ചത്. എന്നാൽ വേർപിരിയാൻ ഒരു വർഷം കാത്തിരിക്കണമെന്നായിരുന്നു കുടുംബകോടതിയുടെ നിർദ്ദേശം. ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട്, രണ്ട് കക്ഷികളും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നിയമത്തിലെ 10A (1) വകുപ്പ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കാൻ ദമ്പതികൾ ഒരു റിട്ട് ഹർജി സമർപ്പിക്കുകയും ചെയ്തു. ഇതോടെയാണ് കോടതിയുടെ ഇടപെടലുണ്ടായത്.
രാജ്യത്ത് ഏകീകൃത വിവാഹ നിയമം വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. വിവിധ മതങ്ങള്‍ക്ക് എന്തിനാണ് വ്യത്യസ്ത വിവാഹനിയമമെന്നും ഹൈക്കോടതി ചോദിച്ചു. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി എടുക്കണമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പറഞ്ഞു.











