എറണാകുളം: മസ്തിഷ്ക മരണം സംഭവിച്ച പിതാവ് രക്ഷപ്പെടുമെന്ന വാഗ്ദാനത്തില്‍ ശസ്ത്രക്രിയ നടത്തി വെന്റിലേറ്ററില്‍ കിടത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി ലോക് ജനശക്തി പാര്‍ട്ടി നാഷണല്‍ സെക്രട്ടറി രമാ ജോര്‍ജ്ജ്. എറണാകുളം രാജഗിരി ആശുപത്രിയില്‍ നടക്കുന്ന ഞെട്ടിക്കുന്ന പകല്കൊള്ളയൊണ് രമ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചിരിച്ചിരിക്കുന്നത്. തിരുവസ്ത്രമണിഞ്ഞ ആരോഗ്യകച്ചവടക്കാരുടെ രാഷ്ട്രീയത്തെയോ സമ്പത്തിനെയോ സ്വാധീനത്തെയോ ഭയപ്പെടുന്നില്ലെന്നും ഈ അനീതിക്കെതിരെ പോരാടുമെന്നുമാണ് രമ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഡിസംബര്‍ 12ന് മരുന്ന് വാങ്ങാന്‍ പോകുന്ന വഴിക്ക് തന്റെ പിതാവ് കുഴഞ്ഞ് വീണുവെന്നും കോതമംഗലം മാര്‍ ബസോലിയോസ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആന്തരിക രക്തസ്രാവം ഉള്ളതിനാല്‍ രാജഗിരി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തുവെന്നും രമ എഫ്ബി പോസ്റ്റില്‍ പറയുന്നു. രാജഗിരിയിലേക്ക് പോകുന്ന വഴിക്ക് തന്നെ പിതാവിന്റെ പള്‍സ് നില വളരെ താഴുകയും കണ്ണിന്റെ ചലനശേഷി നിശ്ചലമായതായി ശ്രദ്ധയില്‍ പെടുകയും ചെയ്തിരുന്നതായി രമ ആരോപിക്കുന്നു.
എന്നാല്‍ രാജഗിരിയില്‍ എത്തിച്ചപ്പോള്‍ അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നും രക്ഷപ്പെടാന്‍ 50-50 സാധ്യത ഉണ്ടെന്നും പറഞ്ഞ് ആശുപത്രി അധികൃതര്‍ ആവശ്യമായ രേഖകളില്‍ ഒപ്പ് ഇട്ട് നല്കാന് ആവശ്യപ്പെട്ടുവെന്ന് രമ വ്യക്തമാക്കുന്നു. ശസ്ത്രിക്രിയക്ക് ശേഷം വെന്റിലേറ്ററിലേക്ക് മാറ്റിയ പിതാവിന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന പറഞ്ഞ ആശുപത്രി അധികൃതര്‍ അതിന് ശേഷം മാത്രമാണ് തലച്ചോറിന് നടുവിലായി പിതാവിന് നീളത്തില്‍ പൊട്ടലുണ്ടെന്നും ബ്ലീഡിംഗ് ഉണ്ടെന്നും അറിയിച്ചതെന്ന് രമ ആരോപിക്കുന്നു. പിറ്റേദിവസം ഉച്ചയ്ക്ക് ശേഷം പിതാവിന് തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതായും ഹൃദയാഘാതം സംഭവിച്ചുവെന്നും രക്ഷപ്പെടാന്‍ സാധ്യത ഇല്ലെന്നും അറിയിച്ചു. രക്ഷപ്പെടാന്‍ സാധ്യത ഇല്ലെന്ന ആശുപത്രി അധികൃതര്‍ നല്കിയ വിവരത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്നും മാറ്റാനുള്ള സമ്മതപത്രം ഒപ്പിട്ട് നല്‍കിയിട്ടും ആശുപത്രി അധികൃതര്‍ നടപടിക്രമങ്ങള്‍ നീട്ടിക്കൊണ്ടുപോയെന്നും മരണം സ്ഥിരീകരിച്ച ശേഷവും ബില്‍ തരാന്‍ വൈകിപ്പിച്ചുവെന്നും ഇത് ബില്‍ തുക കൂട്ടാനുള്ള തന്ത്രമായിരുന്നുവെന്നും രമ ആരോപിക്കുന്നു.
ആശുപത്രിയില്‍ എത്തിയപ്പോഴേക്കും തന്റെ പിതാവിന് മസ്തിഷ്ക മരണ സംഭവിച്ചിരുന്നുവെന്നാണ് മനസിലാക്കുന്നതെന്നും എന്നാല്‍ പെസക്ക് വേണ്ടി മാത്രം ശസ്ത്രക്രിയ നടത്തുകയും വെന്റിലേറ്ററില്‍ കിടത്തുകയും ബോഡി വിട്ടുതരാന്‍ വൈകിപ്പിക്കുകയും ചെയ്തുവെന്നുമാണ് താന്‍ മനസിലാക്കുന്നതെന്ന് രമ തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. ഒരു പൊതുപ്രവര്‍ത്തകയായ തനിക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകാമെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും രമ ചോദിക്കുന്നു.
തിരുവസ്ത്രത്തിനെ ബഹുമാനിക്കുന്നുണ്ടെങ്കിലും രാജഗിരി ആശുപത്രി സഭയെ ലജ്ജിപ്പിക്കുന്ന പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്ന് രമ പറയുന്നു. ഇതിനെതിരെ പോരാടുമെന്ന് വ്യക്തമാക്കിയാണ് രമ കുറിപ്പ് അവസാനിപ്പിക്കുന്നത്.











