കോഴിക്കോട്: കലോത്സവ വേദിയിലെ കുട്ടികളുടെ കലാവിഷ്‌കാരത്തിനെതിരെ സമസ്ത നേതാവ്. കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളെ പരിഹസിക്കുകയും ആക്ഷേപിക്കുകയുമാണ് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. ദിവസങ്ങളും മാസങ്ങളും നീണ്ട കഠിന പരിശീലത്തിന് ശേഷം സ്റ്റേജിലെത്തുന്ന കലാകാരന്മാരെ നേരെ ചൊവ്വേ ആശയ സംവാദത്തിന് കാലുറക്കാത്തവരാണെന്നും കാലിന്റെ ചുവപ്പ് മാറാത്ത കുട്ടികൾ ആണെന്നുമാണ് ആക്ഷേപിച്ചിരിക്കുന്നത്. ചാട് രാമകുഞ്ചിരാമ എന്ന മട്ടിൽ കുട്ടികളെ പരിശീലിപ്പിച്ച് റിമോൾട്ട് ചങ്ങലയിൽ അവരെ കളിപ്പാവയും കളിക്കുരങ്ങുമായി കളിപ്പിക്കുകയാണ് എന്നുവരെയാണ് സമസ്ത നേതാവിന്റെ പരിഹാസം.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ സ്വാഗത ഗാനവും ചില മോണോ ആക്ടുകളുമാണ് സമസ്ത നേതാവിനെ ചൊടിപ്പിച്ചിരിക്കുന്നത്. സ്വാഗത ഗാനത്തിൽ മുസ്ലിമിനെ അവഹേളിച്ചു എന്ന വ്യാജ പ്രചാരണമാണ് ഇന്നലെ സോഷ്യൽമീഡിയയിൽ അഴിച്ചുവിട്ടത്. സ്വാഗത ഗാനം ചിട്ടപ്പെടുത്തിയ അദ്ധ്യാപകൻറെ രാഷ്ട്രീയം നോക്കിയായിരുന്നു ഇത്തരത്തിൽ ഒരു വിവാദത്തിന് ഒരു കൂട്ടർ ശ്രമിച്ചത്. എന്നാൽ സംഭവത്തിൽ വാസ്തവമില്ലെന്ന മനസ്സിലായതിനെ തുടർന്ന് ആരും ആ വിവാദം ഏറ്റു പിടിച്ചില്ല. തൊട്ടുപിന്നാലെയാണ് കുട്ടികളുടെ കലാ പ്രകടനത്തിനെതിരെ ആരോപണവുമായി ഇക്കൂട്ടർ എത്തിയിരിക്കുന്നത്.
പൊതുചടങ്ങിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അപമാനിച്ച് ഇറക്കിവിട്ട സമസ്ത നേതാവിനെ വിമർശിച്ച് കലോത്സവ വേദിയിൽ ഒരു പെൺകുട്ടി മോണോആക്ട് അവതരിപ്പിച്ചിരുന്നു. വിദ്യാർത്ഥിനിയുടെ ഈ കലാപ്രകടനത്തെ മുസ്ലീം പണ്ഡിതരെ അപമാനിക്കാൻ മനപ്പൂർവ്വമായി ചെയ്തതെന്നാണ് നാസർ ഫൈസി കൂടത്തായിയുടെ വിമർശനം.
സ്‌കൂൾ യുവജനോത്സവത്തിൽ സ്വാഗതഗാനത്തിലും പണ്ഡിതന്മാരെ അവഹേളിക്കുന്ന മോണോ ആക്ടിലും ഇസ്ലാമിനെ ഭീകരമായി ചിത്രീകരിക്കുകയാണ്. കലയുടെ മറവിലെ ഈ ഒളിച്ചു കടത്ത് അങ്ങേ അറ്റം പ്രതിഷേധാർഹമാണെന്ന് നാസർ ഫൈസി കൂടത്തായി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.











