തിരുവനന്തപുരം: ടോക്സിക് ആയ വ്യക്തികളെ നമ്മളിൽ നിന്ന് പരമാവധി അകറ്റി നിർത്തണമെന്ന് പ്രശാന്ത് എൻ ഐഎഎസ്. പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ അപവാദ പ്രചാരണം നടത്തിയ മാദ്ധ്യമപ്രവർത്തകനെ വിമർശിച്ചാണ് പരാമർശം. ഏറ്റവും നല്ലതിലും കുറ്റവും കുറവും കണ്ടെത്തി, വിദ്വേഷം പരത്തി, മറ്റുള്ളവരെ ചവിട്ടിത്താഴ്ത്തി, തിരിച്ച് തല്ലാൻ കെൽപ്പില്ലെന്ന് ഉറപ്പുള്ളവന്റെ പുറത്ത് കയറി നിന്ന് താണ്ഡവമാടി, സ്വയം വളർന്ന് പന്തലിക്കാന് ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞാൽ പിന്നെ സമയം വേസ്റ്റാക്കരുത്. ടോക്സിക് ആയ ഇത്തരം വ്യക്തികളെ നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് ദൂരെയാക്കുന്നതാണ് നമ്മുടെ മാനസികാരോഗ്യത്തിന് നല്ലത്.
നമ്മുടെ ചുറ്റിലും ടോക്സിക് സ്വഭാവക്കാരായവർ ഉണ്ട്. അത്തരം സ്വഭാവത്തെ ന്യായീകരിക്കുന്നവരേയും കാണാം. ആശയങ്ങൾ ചർച്ച ചെയ്യാൻ കഴിവില്ലാത്തവർ വ്യക്തികളെ ടാർഗറ്റ് ചെയ്യുന്നത് കാണാം. ചിന്തകളുടെ ടോക്സിക് വൈറസുകൾ ബാധിച്ച് കഴിഞ്ഞവരാണിവർ. ഇവരുടെ സംസർഗ്ഗത്താൽ സ്വയം ടോക്സിക് ആവും വരെ കാക്കരുത്. പൂർണ്ണമായും ടോക്സിക് അയ പലരുടെയും തനിനിറം നിസ്സംശയം വെളിപ്പെട്ട് കിട്ടിയതിനാൽ കുറേപ്പേരെ ബ്ലോക്കോഫീസിലേക്ക് അയക്കാൻ ഈ അവസരം വിനിയോഗിക്കണെന്നും അദ്ദേഹം പറയുന്നു.
നിലവിൽ സെക്രട്ടേറിയറ്റിൽ സ്പെഷ്യൽ സെക്രട്ടറിയായ പ്രശാന്ത് എൻ കളക്ടർ ബ്രോ എന്ന പേരിൽ ഏവർക്കും സുപരിചിതനാണ്.
പ്രശാന്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം,
ഏറ്റവും നല്ലതിലും കുറ്റവും കുറവും കണ്ടെത്തി, വിദ്വേഷം പരത്തി, മറ്റുള്ളവരെ ചവിട്ടിത്താഴ്ത്തി, തിരിച്ച് തല്ലാൻ കെൽപ്പില്ലെന്ന് ഉറപ്പുള്ളവന്റെ പുറത്ത് കയറി നിന്ന് താണ്ഡവമാടി, സ്വയം വളർന്ന് പന്തലിക്കൻ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞാൽ പിന്നെ സമയം വേസ്റ്റാക്കരുത്. ടോക്സിക് ആയ ഇത്തരം വ്യക്തികളെ നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് ദൂരെയാക്കുന്നതാണ് നമ്മുടെ മാനസികാരോഗ്യത്തിന് നല്ലത് – അല്ലെങ്കിൽ, ഏറെ വൈകാതെ നമ്മളും അവരെപ്പോലെ ആവും.
ചുറ്റിലും നോക്കൂ, പതുക്കെപ്പതുക്കെ, കൂടുതൽ കൂടുതൽ ടോക്സിക് ആയ്ക്കൊണ്ടിരിക്കുന്നവരെ കാണാം. ടോക്സിക് സ്വഭാവത്തെ ന്യായീകരിക്കുന്നവരെ കാണാം. അവരുടെ സംസാരത്തിലും ഭാഷയിലും നന്മ ഇല്ലെന്നും, ഉള്ള നന്മയും നശിപ്പിക്കപ്പെടേണ്ടതാണെന്നും തോന്നും. മുൻപ് സ്നേഹവും സഹകരണവും സമഭാവവും നന്മയും തുളുമ്പിയിരുന്നവർ ലേശം വിഷം ചീറ്റിത്തുടങ്ങിയത് കാണാം. ആശയങ്ങൾ ചർച്ച ചെയ്യാൻ കഴിവില്ലാത്തവർ വ്യക്തികളെ ടാർഗറ്റ് ചെയ്യുന്നത് കാണാം. ചിന്തകളുടെ ടോക്സിക് വൈറസുകൾ ബാധിച്ച് കഴിഞ്ഞവരാണിവർ. CID എസ്കേപ്പ്! ഇവരുടെ സംസർഗ്ഗത്താൽ സ്വയം ടോക്സിക് ആവും വരെ കാക്കരുത്!
പൂർണ്ണമായും ടോക്സിക് അയ പലരുടെയും തനിനിറം നിസ്സംശയം വെളിപ്പെട്ട് കിട്ടിയതിനാൽ കുറേപ്പേരെ ബ്ലോക്കോഫീസിലേക്ക് അയക്കാൻ ഈ അവസരം വിനിയോഗിക്കുക. പരിസരം ശുചിയാക്കുക.
NB: ടോക്സിക് വ്യക്തികളോട് വെറുപ്പോ ദേഷ്യമോ തോന്നിയിട്ട് കാര്യമില്ല- ഇതൊരു മാനസികാവസ്ഥയാണ്. ടോക്സിക് വ്യക്തിയെ ഒരു രോഗിയായി കണ്ട് അവരെ ക്വാറന്റൈൻ ചെയ്യുന്നതായി കണ്ടാൽ മതി. അവർക്കെതിരെ ഘോരഘോരം പോസ്റ്റിട്ട് വ്യക്തിപരമായി ടാർഗ്ഗറ്റ് ചെയ്യുന്നതിനോട് യോജിപ്പില്ല, അതും ടോക്സിക് പ്രവർത്തി തന്നെയാണ്. നമുക്ക് നമ്മുടെ മനസ്സല്ലേ പ്രധാനം?! Say no to toxicity!











