തൃശൂർ: പൂരത്തിന്റെ മേള പ്രമാണി സ്ഥാനത്ത് നിന്ന് നീക്കിയത് അംഗീകരിക്കുന്നുവെന്ന് പെരുവനം കുട്ടൻ മാരാർ. തൃശൂർ പൂരത്തിന്റെ വലുപ്പമാണ് തന്റെ വലുപ്പം. ദേവസ്വം ബോർഡ് തീരുമാനത്തിൽ പരാതിയില്ല. പിന്തുണച്ച എല്ലാവർക്കും നന്ദിയെന്ന് പെരുവനം കുട്ടൻ മാരാർ പറഞ്ഞു. മറ്റുള്ളവർക്കും അവസരം ലഭിക്കണം. അനിയൻ മാരാർ മികച്ച കലാകാരനാണെന്ന് അദ്ദേഹം പറഞ്ഞു.
ദേവസ്വവുമായി പ്രശ്നങ്ങളില്ല. പാറമേക്കാവിനൊപ്പം തുടരുമെന്ന് പെരുവനം വ്യകത്മാക്കി. വേലയ്ക്കിടയിൽ പ്രശ്നങ്ങളുണ്ടായിട്ടില്ല. ആശയവിനിമയത്തിൽ പ്രശ്നമുണ്ടായി. ഭാരവാഹികളുടെ സന്ദേശം കണ്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പെരുവനത്തിന് പകരം കിഴക്കൂട്ട് അനിയൻ മാരാർ പ്രമാണിസ്ഥാനം വഹിക്കുമെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചു. 24 വർഷം ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണിയായിരുന്നു കുട്ടൻ മാരാർ. മുതിർന്ന വാദ്യകലാകാരന് അവസരം നൽകാനാണ് തീരുമാനമെന്നാണ് പാറമേക്കാവ് ദേവസ്വത്തിന്റെ വിശദീകരണം.
തൃശൂർ പൂരത്തിന്റെ ഭാഗമായി നടക്കുന്ന ചെണ്ടമേളമായ ഇലഞ്ഞിത്തറമേളം പാറമേക്കാവ് വിഭാഗം ആണ് അവതരിപ്പിക്കുന്നത്. രണ്ട് മണിക്കൂർ ദൈർഘ്യം വരുന്ന പാണ്ടി മേളം ആണ് ഇലഞ്ഞിത്തറയിൽ അവതരിപ്പിക്കുന്നത്.











