തൃശൂർ : പോലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തിയ യുവാവ് അറസ്റ്റില്‍. അബുദാബി ഡിഫന്‍സ് ഇന്‍ഫര്‍മേഷന്‍ വിഭാഗം മുന്‍ സെക്യൂരിറ്റി ഓഫിസറെയാണ് അന്തിക്കാട് പോലീസ് പിടികൂടിയത്. ചാഴൂര്‍ വടക്കേ ആല് ഹെല്‍ത്ത് സെന്റര്‍ കിഴക്ക് നമ്പേരി വീട്ടില്‍ സമ്പത്തിനെയാണു (42) വീടു വളഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് വയർലെസ് സന്ദേശങ്ങളും വിമാനങ്ങളിൽ പൈലറ്റും എയർ കൺട്രോൾ ട്രാഫിക് സെന്ററും കൈമാറുന്ന സന്ദേശങ്ങളും പിടിച്ചെടുക്കാൻ ശേഷിയുള്ള ഉപകരണങ്ങളാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. സന്ദേശങ്ങൾ ചോർത്തുന്ന ആന്റിന, ഇന്റർനെറ്റ് ഉപകരണങ്ങൾ, സന്ദേശങ്ങൾ സൂക്ഷിച്ചിരുന്ന ലാപ് ടോപ്, ഹാൻഡ് സെറ്റ് എമന്നിവ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തു.
പോലീസും കമ്യൂണിക്കേഷൻ, സൈബർ വിഭാഗങ്ങളിലെ സാങ്കേതിക വിദഗ്ധരും ചേർന്നാണ് ഇവ വീടിനുള്ളിൽ കണ്ടെത്തിയത്. ഓൺലൈൻ വഴിയാണിവ വാങ്ങിയതെന്നു പ്രതി വെളിപ്പെടുത്തി. മാസങ്ങളായി ഇത് ഉപയോഗിക്കുന്നതായാണു സൂചന. ലാപ്ടോപിൽ സൂക്ഷിച്ച സന്ദേശങ്ങൾ സാങ്കേതിക വിദഗ്ധർ പരിശോധിക്കും. റൂറല്‍ പോലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രെയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.












