തിരുവനന്തപുരം: കോവളം ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ ശ്രീകോവിൽ, അലങ്കാരഗോപുരം, ചിത്രമതിൽ, മണിമണ്ഡപം എന്നിവയുടെ സമർപ്പണം നടന്നു. ചെങ്കൽ ശിവപാർവതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്ര ദീപം തെളിയിച്ച് ചടങ്ങ് ഉൽഘാടനം ചെയ്തു. ഉദയസമുദ്ര ഗ്രൂപ്പ് എം ഡി എസ് രാജശേഖരൻ നായർ അധ്യക്ഷത വഹിച്ചു.
തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മ ചെമ്പോല പട്ടയത്തിൽ പതിച്ചുനൽകിയ ഭൂമിയിലാണ് ചരിത്രപ്രധാനമായ കോവളം ശ്രീ ധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ സ്വയംഭൂവായി ഉയർന്നുവന്ന ആനപ്പുറത്തിരിക്കുന്ന ഭഗവാൻ അയ്യപ്പൻറെ രൂപമാണ്. ഇപ്പോഴും ഭഗവാന്റെ രൂപം വളർന്നുകൊണ്ടിരിക്കുകയാണെന്നാണ് വിശ്വാസം.
ആനപ്പുറത്ത് അയ്യപ്പഭഗവാൻ ഇരിക്കുന്ന രൂപം അത്യപൂർവമായ ഒരു പ്രതിഷ്ഠയാണ്. നാഗർക്ക് പ്രാധാന്യവും ശക്തിയുമുള്ള പഴക്കമേറിയ ഒരു വലിയ കാവ് ക്ഷേത്രത്തിലുണ്ട്. ഈ കാവിലെ പാറക്കൂട്ടങ്ങൾ അനുദിനം വളർന്നുകൊണ്ടിരിക്കുകയാണെന്നും വിശ്വസിക്കപ്പെടുന്നു.
ഉദയ സമുദ്ര ഗ്രുപ്പ് എം ഡി എസ് രാജശേഖരൻ നായർ വഴിപാടായി നിർമ്മിച്ച് നൽകിയ ശ്രീകോവിൽ, അലങ്കാരഗോപുരം, ചിത്രമതിൽ മണിമണ്ഡപം എന്നിവയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത്.












