വിവാഹം മുടക്കുന്നതിനായി യുവതിയുടെ മോർഫ് ചെയ്ത ചിത്രം വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. മുൻ കാമുകനായ വെള്ളനാട് കടുക്കാമൂട് വേങ്ങവിള വീട്ടിൽ വിജിനെ (22)ആണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്.
2019 മുതൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് വിജിൻ പോലീസിനോട് പറഞ്ഞു. എന്നാൽ യുവതി വിവാഹത്തിന് സമ്മതിച്ചതോടെ പ്രതികാരം വീട്ടാൻ വേണ്ടി ഫോണിലുണ്ടായിരുന്ന ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി. തുടർന്ന് അത് യുവതി വിവാഹം കഴിക്കാൻ പോകുന്നയാൾക്ക് അയച്ച് കൊടുത്തു. യുവാവിന്റെ വീട്ടിലെത്തി മാതാപിതാക്കളെയും ബന്ധുക്കളെയും ഫോണിലുള്ള ദൃശ്യങ്ങള്‍ കാണിച്ചുകൊടുക്കുകയും ചെയ്തു.
പ്രതിയുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് ഉടൻ കൈമാറും. ഐടി ആക്ട് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഒളിവിലായിരുന്ന പ്രതിയെ ഇൻസ്പെക്ടർ എൻ.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.











