തിരുവനന്തപുരം: ഐഎസ്ആർഒ,ഐടി പാർക്കുകൾ എന്നിവടങ്ങളിൽ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികൾക്ക് ഇനി മുതൽ പുതിയ യൂണിഫോം. വിദഗ്ധരായ ചുമട്ടുതൊഴിലാളികൾക്ക് ചാരനിറത്തിലുള്ള ഷർട്ട്,ട്രാക്ക് സ്യൂട്ട് എന്നിവയ്ക്ക് പുറമേ നെയിം പ്ലേറ്റ്, ബാഡ്ജ്, ട്രൈ കളർ ബാൻഡ് എന്നിവയുമുണ്ടാകും.കാലത്തിനനുസരിച്ച് ചുമട്ടുതൊഴിൽമേഖലയിലും സമഗ്രമാറ്റങ്ങൾ വരുത്താനുള്ള പദ്ധതിയുടെ ഭാഗമാണ് പുതിയ യൂണിഫോം.
എല്ലാ യൂണിയനുകളിൽപ്പെട്ടവർക്കും ഒരേ യൂണിഫോമായിരിക്കും. പിന്നീട് സംസ്ഥാനമാകെ പദ്ധതി വ്യാപിപ്പിക്കാനാണ് ആലോചന.പരിശീലനം ലഭിച്ച തൊഴിലാളികൾ മെയ് ആദ്യവാരം മുതൽ പുതിയ യൂണിഫോമിൽ തൊഴിലിടങ്ങളിലെത്തും.
ചുമട്ടുതൊഴിലാളികളോടുള്ള സമൂഹത്തിന്റെ മനോഭാവം മാറ്റിയെടുക്കാനും തൊഴിൽ വൈദഗ്ധ്യം ഉറപ്പുവരുത്താനും വിപുലമായ പരിശീലനപരിപാടികളാണ് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് നടപ്പാക്കുന്നത്. ആദ്യഘട്ടമായി ആലുവ പെപ്സി ഗോഡൗൺ, ഐ.എസ്.ആർ.ഒ. യാർഡ്, ഇടയാർ ഇൻഡസ്ട്രിയൽ പാർക്ക്, തൃക്കാക്കര ഇൻഫോപാർക്ക് എന്നിവിടങ്ങളിലെ 150 തൊഴിലാളികൾക്കുള്ള പരിശീലനം പുരോഗമിക്കുകയാണ്.
തൊഴിൽമേഖലകളിലുണ്ടായ മാറ്റങ്ങളെപ്പറ്റിയുള്ള ബോധവത്കരണമാണ് പരിശീലനത്തിന്റെ ആദ്യഘട്ടത്തിൽ നടക്കുന്നത്. വ്യത്യസ്തമായ തൊഴിൽസാഹചര്യങ്ങളുള്ള ഐ.ടി.-കിൻഫ്ര പാർക്കുകൾ, പ്രത്യേക സാമ്പത്തികമേഖലകൾ എന്നിവിടങ്ങളിൽ പണിയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പരിചയപ്പെടുത്തുന്നുണ്ട്. നൈപുണ്യ-വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നൽകുന്നു.











