തിരുവനന്തപുരം :പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. ഗിരീഷ് (59) കുറ്റക്കാരനെന്ന് കോടതി. കൗൺസിലിംഗിനെത്തിയ കുട്ടിയെ ഇയാൾ പലതവണ പീഡിപ്പിച്ച സംഭവത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി കണ്ടെത്തി. വ്യാഴാഴ്ച വിധി പറയും. നിലവിൽ പ്രതിയെ റിമാൻഡ് ചെയ്തു.
മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇതേ കോടതി തന്നെ ആറ് മാസം മുൻപ് പ്രതിയ്ക്ക് ആറ് വർഷം കഠിന തടവിന് വിധിച്ചിരുന്നു. ഈ കേസിൽ പ്രതി ഹൈക്കോടതി ജാമ്യത്തിലാണ്. ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് പ്രഫസറായിരുന്നു പ്രതി.
2015 ഡിസംബർ ആറ് മുതൽ 2017 ഫെബ്രുവരി 21 വരെയുള്ള കാലയളവിൽ കൗൺസിലിംഗിനായി എത്തിച്ചപ്പോഴാണ് കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തെ തുടർന്ന് കുട്ടിയുടെ മനോനില കൂടുതൽ ഗുരുതരമായി. നിരന്തരമായ പീഡനത്തിൽ കുട്ടിയുടെ മനോരോഗം വർധിച്ചു. ഇതോടെ കുട്ടിയെ മറ്റു ഡോക്ടർമാരെ കാണിക്കാൻ പ്രതി പറഞ്ഞു. പീഡനം പുറത്ത് പറയരുതെന്നും ഭീഷണിപ്പെടുത്തി. ഭയന്ന കുട്ടി വിവരം പുറത്തു പറഞ്ഞില്ല.
തുടർന്ന് വീട്ടുകാർ മറ്റ് പല മനോരോഗ വിദഗ്ധരെയും കാണിച്ചെങ്കിലും രോഗശമനം ഉണ്ടാവാത്തതിനാൽ 2019ൽ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രി സൈക്കാട്രി വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തു. 2019 ജനുവരി 30ന് ഡോക്ടർമാർ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് രണ്ട് വർഷം മുമ്പ് പ്രതി തന്നെ പീഡിപ്പിച്ച വിവരം കുട്ടി ഇവരോട് പറയുന്നത്. പ്രതി ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ചു കൊടുക്കുമായിരുന്നു എന്നും കുട്ടി വെളിപ്പെടുത്തി.
ഇതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആദ്യം എടുത്ത കേസിൽ ജാമ്യത്തിൽ നിൽക്കവെയാണ് ഈ കേസിൽ അറസ്റ്റ് ചെയ്തത്. പീഡനത്തെ തുടർന്നാണ് കുട്ടിയുടെ അസുഖം മൂർച്ഛിച്ചതെന്നു കുട്ടിയെ ചികിത്സിച്ച മറ്റ് ഡോക്ടർമാരും വ്യക്തമാക്കി.











