കാസർകോട്: പൂച്ചക്കാട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസിയുടെ മരണത്തിൽ ദുരൂഹത നീക്കാൻ പോലീസ്. മൃതദേഹം ഇന്നലെ പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു. ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. മരണം കൊലപാതകമാണെന്നാണ് പോലീസ് നിഗമനം. വിശദമായ അന്വേഷണം നടത്തണമെന്ന് കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാസം 14ാം തിയതിയാണ് പ്രവാസി വ്യവസായിയായ അബ്ദുൾ ഗഫൂറിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമാണെന്ന നിഗമനത്തിൽ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാൽ മരണത്തിന് പിന്നാലെ വീട്ടിൽ നിന്ന് 595 പവൻ സ്വർണ്ണം കാണാതായതോടെയാണ് ഗഫൂറിന്റെ മരണത്തിൽ സംശയം ഉയരുന്നത്.
ഇതോടെയാണ് കുടുംബം പോലീസിൽ പരാതി നൽകുന്നതും, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിക്കുന്നതും. റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.










